ബജറ്റ് പ്രസംഗത്തിൽ കെ. റെയിലും; പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ധനമന്ത്രി

news image
Feb 5, 2024, 9:13 am GMT+0000 payyolionline.in

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്‍റെ സ്വപ്ന പദ്ധതിയായ കെ. റെയിൽ നടപ്പാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അതിവേഗ യാത്രക്കായി നിർദേശിച്ച കെ. റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

 

പശ്ചാത്തല മേഖലയിൽ അനിവാര്യമായ പുരോഗതി സംഭവിക്കാത്ത മേഖലയാണ് റെയിൽവേ വികസനം. വന്ദേഭാരത് എക്സ്പ്രസുകൾ വന്നതോട് കൂടി സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിലെ ശരി ജനങ്ങൾക്ക് മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ കേന്ദ്ര ബജറ്റിലും കേരളത്തിന്‍റെ റെയിൽ വികസനം അവഗണിക്കപ്പെട്ടു. ട്രെയിൻ യാത്രക്കാർ ദുരിതത്തിലാണ്.

 

റെയിൽവേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്‍റെ വളർച്ചക്കൊപ്പം റെയിൽവേക്ക് ഓടിയെത്താനാകുന്നില്ല. നിലവിലെ റെയിൽ പാളങ്ങളുടെ നവീകരണവും വളവ് നിവർത്തലും ഡബിൾ ലെയിനിങ്ങും പൂർത്തിയാകുന്നതോടൊപ്പം പുതിയ ഹൈസ് സ്പീഡ് പാത കൂടി വരേണ്ടത് മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

 

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. തിരുവനന്തപുരം മെട്രോയുടെ കാര്യത്തിൽ ആവശ്യമായ കേന്ദ്രാനുമതികൾ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ. വൻകിട പദ്ധതികൾക്ക് പ്രത്യേകമായി നീക്കിവെച്ചിട്ടുള്ള തുകയിൽ നിന്നും മെട്രോ പദ്ധതികൾക്ക് തുക അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe