മാന്നാർ: സൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് മുറി കൈലാത്ത് വീട്ടിൽ സുബിൻ (27), പശ്ചിമ ബംഗാളിലെ മാൾട്ട സ്വദേശിയും തിരുവൻവണ്ടൂർ ഭാഗത്തു താമസക്കാരനുമായ ഹാറൂൺ (27) എന്നിവരാണ് മാന്നാർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികളുടെ സൈക്കിളുകൾ മോഷണം പോകുന്നത് പതിവായിരുന്നു.
ഇതിനെ പറ്റി മാന്നാർ പൊലീസ് നിരവധി സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് അന്വേഷണം നടന്നു വരുന്നതിനിടെയാണ് ചെന്നിത്തലയിൽ നിന്ന് മോഷ്ടിച്ച മുപ്പത്തി അയ്യായിരം രൂപ വില വരുന്ന ഒരു സൈക്കിളുമായി പ്രതികൾ പിടിയിലായത്. സുബിൻ ബസിൽ കയറി മാന്നാർ, ചെന്നിത്തല ഭാഗങ്ങളിൽ എത്തി സൈക്കിൾ മോഷ്ടിച്ച ശേഷം ചെങ്ങന്നൂരിൽ എത്തി ഹാറൂണിന് വിൽക്കും. ഹാറൂൺ അത് കൂടിയ വിലക്ക് മറിച്ചു വിൽക്കുകയുമാണ് ചെയ്തു വന്നിരുന്നത്.
മാന്നാർ, കുട്ടമ്പേരൂർ, കുരട്ടിക്കാട്, ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി സൈക്കിളുകൾ മോഷണം പോയതായി വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പുറത്ത് അറിഞ്ഞത് മുതൽ സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മാന്നാർ പൊലീസ് സ്റ്റേഷനിൽ വരുന്നത്.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും എന്ന് പൊലീസ് വിശദമാക്കി. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം സി എസ്, എസ് ഐ ജോൺ തോമസ്, എസ് ഐ ബിജുക്കുട്ടൻ, അഡിഷണൽ എസ് ഐ ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, സാജിദ്, അജിത്, നിസാം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.