പയ്യോളി : അപകടകരമായ രീതിയില്‍ ബസ്സ് കാറിനെ മറികടന്നുവെന്ന് ആരോപിച്ച് കാര്‍ യാത്രക്കാര്‍ ബസ്സ് തടഞ്ഞത് തര്‍ക്കത്തിനിടയാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ പയ്യോളി ബസ്സ്സ്റ്റാന്‍ഡിലാണ് സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറിനെ മറി കടന്നത് അശ്രദ്ധമായെന്ന് പറഞ്ഞാണ് കാര്‍ യാത്രക്കാര്‍ പയ്യോളി ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് തടഞ്ഞത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷത്തിലേക്ക് കടക്കുമെന്ന സ്ഥിതിയായപ്പോഴാണ് നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പോലീസ് കുതിച്ചെത്തിയത്. സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ പതിവാകുകയാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ചെറിയ വാഹനങ്ങള്‍ റോഡില്‍ നിന്ന് താഴെ ഇറക്കിയാണ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നത്. സംസ്ഥാനത്തെങ്ങും വേഗപ്പൂട്ടിന്റെ പേരില്‍ സ്വകാര്യ ബസ്സുകള്‍ പരിശോധിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പിന്നീട് പിഴ ചുമത്തി വിട്ടയച്ചു.