ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി കുറച്ചേക്കും, ശമ്പള വർധനവിനും സാധ്യത

news image
Mar 1, 2024, 2:56 pm GMT+0000 payyolionline.in

ന്യൂഡൽഹി: പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 2024 ജൂൺ മുതൽ ജീവനക്കാർക്ക് ശമ്പള വർധനവ് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

ബാങ്കിങ് മേഖലയിലെ പ്രവൃത്തി ദിനം അഞ്ചായി ചുരുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിരുന്നു. പ്രവൃത്തി ദിനം ചുരുക്കുന്നത് ഉപയോക്താക്കളുടെ ബാങ്കിങ് സമയത്തെയോ, ജീവനക്കാരുടെയും ഓഫീസർമാരുടെയും ആകെ തൊഴിൽ മണിക്കൂറുകളെയോ ബാധിക്കില്ലെന്നും ജീവനക്കാരുടെ യൂണിയൻ അറിയിച്ചു.

വിഷയം ധനമന്ത്രി അനുഭാവപൂർവം പരിഗണിക്കണമെന്നും അനുകൂലമായ നടപടി കൈക്കൊള്ളണമെന്നും ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്(ഐബിഎ) നിർദേശം നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ എല്ലാ രണ്ടും നാലും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. 2015 മുതലാണ് എല്ലാ ശനിയും ഞായറും അവധി നൽകണമെന്ന് ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ടു തുടങ്ങിയത്. 2015ൽ ഒപ്പുവച്ച പത്താമത് ബൈപാർട്ടൈറ്റ് സെറ്റിൽമെന്റിൽ ആർബിഐയും സർക്കാരും ഐബിഎയുടെ ആവശ്യം അംഗീകരിക്കുകയും രണ്ടും നാലും ശനി അവധിയായി അനുവദിക്കുകയുമായിരുന്നു.

എല്ലാ പൊതുമേഖലാ ബാങ്കുകളിലും 17 ശതമാനം ശമ്പള വർധനവ് എന്ന തീരുമാനത്തിൽ ഐബിഎയും ജീവനക്കാരുടെ യൂണിയനും എത്തിയിരുന്നു. ശമ്പള വർധനവ് കേന്ദ്രം അംഗീകരിക്കുകയാണെങ്കിൽ പൊതുമേഖലാ ബാങ്കുകളിലെയും പഴയതലമുറയിലെ സ്വകാര്യബാങ്കുകളിലെയും 3.8 ലക്ഷം ഓഫീസർമാർ ഉൾപ്പടെ 9 ലക്ഷം ജീവനക്കാർക്ക് അതിന്റെ പ്രയോജനം ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe