ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; തിരുവനന്തപുരം സ്വദേശിക്ക് രണ്ടാമതും കോടികൾ സമ്മാനം

news image
May 4, 2023, 11:02 am GMT+0000 payyolionline.in

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടാം തവണയും ഒന്നാം സമ്മാനം നേടി പ്രവാസിയായ തിരുവനന്തപുരം സ്വദേശി പ്രദീപ് കുമാർ. ഇന്നലെ നടന്ന നറുക്കെടുപ്പിൽ 33 കോടിയിലേറെ രൂപയാണ് (15 ദശലക്ഷം ദിർഹം) ഒരു ഓഫ്‌ഷോർ കമ്പനിയിൽ കൺട്രോൾ റൂം ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ലഭിച്ചത്. ഏപ്രിൽ 13 ന് എടുത്ത 048514 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. സമ്മാനത്തുക തന്റെ ബാല്യകാല സുഹൃത്തുക്കളായ  റോബിൻസൺ, ഡോ. ഹനീഫ എന്നിവരുമായി പങ്കിടും.

1986 മുതൽ യുഎഇ നിവാസിയായ പ്രദീപ് കുമാറിന് ഇതു രണ്ടാംതവണയാണ് ഭാഗ്യം ലഭിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ-സ്റ്റോർ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് പ്രദീപ് കുമാർ പറഞ്ഞു. മടക്ക ടിക്കറ്റ് ചെന്നൈയിൽ നിന്നായിരുന്നു. അവിടെ നിൽക്കുമ്പോഴാണ് ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺവിളിയെത്തിയത്. കുറഞ്ഞ വിമാന നിരക്ക് കണക്കിലെടുത്ത് ടു സ്റ്റോപ്പ് കണക്റ്റിങ് ഫ്ലൈറ്റുകളാണ് എടുത്തത്. 1996-ൽ ഒരിക്കൽ ഒരു ലക്ഷം ദിർഹം എന്ന അന്നത്തെ ഉയർന്ന സമ്മാനം നേടിയിരുന്നു. ടിക്കറ്റ് വില 100 ദിർഹം. ഭാഗ്യം തന്നോ‌ടൊപ്പമുണ്ടെന്ന് തോന്നി ടിക്കറ്റുകൾ വാങ്ങുന്നത് തുടർന്നു. ടിക്കറ്റുകൾ വാങ്ങുന്നത് ഇപ്പോൾ 10 വർഷത്തിലേറെയായെന്നും അമ്പതുകാരൻ പറഞ്ഞു.

രണ്ടോ മൂന്നോ മാസം കൂടുമ്പോൾ താൻ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഒറ്റയ്ക്കോ സുഹൃത്തുക്കളുടെ കൂടെയോ  ടിക്കറ്റുകൾ വാങ്ങാറുണ്ടെന്ന് പ്രദീപ് കുമാർ പറയുന്നു. ഭാര്യ, മകൻ, മകൾ എന്നിവരടങ്ങുന്നതാണ് പ്രദീപ് കുമാറിന്റെ കുടുംബം. മകൻ വിവാഹിതനാണ്. തിരുവനന്തപുരത്ത് ഒരു ഫാം തുടങ്ങാനാണു മകളുടെ ലക്ഷ്യം. നാട്ടിൽ നിന്ന് ഇന്ന് അബുദാബിയിൽ തിരിച്ചെത്തിയ ഇദ്ദേഹം നേരെ ചെന്നത് ജോലിസ്ഥലത്തേക്കായിരുന്നു. ജോലിക്ക് എപ്പോഴും കൂടുതൽ പ്രാധാന്യം നൽകാറുള്ളതിനാൽ ആഘോഷങ്ങൾ വൈകാതെ നടക്കുമെന്ന് പറഞ്ഞു. രണ്ട് തവണ ഭാഗ്യ ദേവത കടാക്ഷിച്ചെങ്കിലും ടിക്കറ്റുകൾ വാങ്ങുന്നത് ഇനിയും തുടരാനാണ് പ്രദീപ് കുമാറിന്റെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe