ബി.ജെ.പി ക്ക് സ്വന്തം മന്ദിരമെന്ന സ്വപ്‌നം ബാക്കിയാക്കി രാജുമാസ്റ്റര്‍ യാത്രയായി

news image
Nov 21, 2013, 4:35 pm IST payyolionline.in

വടകര: ബി.ജെ.പി ക്ക് വടകരയില്‍ സ്വന്തമായൊരാസ്ഥാനം എന്ന സ്വപ്‌നം മാത്രം ബാക്കിയാക്കി രാജുമാസ്റ്റര്‍ യാത്രയായി. ഇന്നലെ കാലത്ത് നെഞ്ച് വേദനയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ബി.ജെ.പിയുടെ വടകര മണ്ഡലം പ്രസിഡന്റായിരുന്ന രാജുമാസ്റ്റര്‍ വടകരയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാനിന്ധ്യമായിരുന്നു. എക്കാലത്തും രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന വടകരയില്‍ ഒരു നല്ല പാര്‍ട്ടി മന്ദിരം നിര്‍മ്മിക്കണം എന്ന ആഗ്രഹം സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പലപ്പോഴും അവതരിപ്പിച്ചുവെങ്കിലും അതിനുള്ള സാഹചര്യം ഒത്തുവന്നില്ല.
എ.ബി.വി.പി യിലൂടെ പൊതു രംഗത്തേക്ക് കടന്നു വന്ന രാജുമാസ്റ്റര്‍ ദേശീയ അധ്യാപക പരിഷത്തിന്റെ അമരക്കാരനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ജന്മഭൂമിയുടെ ലേഖകന്‍ എന്ന നിലയിലും അദ്ദേഹം ആദരവ് പിടിച്ചുപറ്റി. രാഷ്ട്രീയ എതിരാളികള്‍ക്കുപോലും സ്വീകാര്യനായ നേതാവ്, മധ്യസ്ഥ ശ്രമങ്ങളില്‍ നയമാധുര്യത്തോടെ പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതില്‍ രാജുമാസ്റ്റര്‍ക്കുണ്ടായിരുന്ന കഴിവ് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. അധ്യാപക പരിശീലന കേമ്പുകളില്‍ രാജുമാസ്റ്ററുടെ പങ്കാളിത്തം ആദര്‍ശത്തിന്റെ പേരില്‍ വേറിട്ടുനില്‍ക്കുന്നതായിരന്നു എന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. പുതുപ്പണം നോര്‍ത്ത് ബേസിക് സ്‌കൂളിലെ അധ്യാപകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം പുതുപ്പണത്തുകാരുടേയും പ്രിയപ്പെട്ട രാജുമാസ്റ്ററായി.
ബി.ജെ.പി യുടെ വടകര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.വി ബി.ജെ.പിയെ വടകരയിലെ ഒരു നിര്‍ണ്ണായക ശക്തിയായി വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം പുള്ളിയില്‍ നാരായണന്‍ അനുസ്മരിക്കുന്നു. അദ്വാനിയടക്കമുള്ള നിരവധി ദേശീയ നേതാക്കള്‍ക്ക് ആദിത്യമരുളാന്‍ വടകരയ്ക്ക് ഭാഗ്യമുണ്ടായപ്പോള്‍ അതിന്റെ സംഘാടകന്‍ എന്ന നിലയില്‍ രാജുമാസ്റ്റര്‍ സഹപ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ കരുത്തുള്ള നേതൃനിരക്ക് ബി.ജെ.പി മന്ദിരം എന്ന അഭിലാഷപൂര്‍ത്തിക്കായി പരിശ്രമിക്കുന്ന വിശ്വാസമാകാം വേതനയറ്റുകിടക്കുമ്പോഴും ആ മുഖത്തെ മന്ദസ്മിതത്തിന്നു കാരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe