മാനന്തവാടി ∙ ‘ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ’ – ചോദ്യം കഴിഞ്ഞ ദിവസം വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൻ അലന്റേതാണ്. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, കെ.രാജൻ എന്നിവർ വീട്ടിലെത്തിയപ്പോഴാണ് നാലാം ക്ലാസ് വിദ്യാർഥിയായ അലൻ ഈ ചോദ്യമുയർത്തിയത്. ബീഡിപ്പടക്കം കൊണ്ട് ആനയെ ഓടിക്കാൻ സാധിക്കുമോ എന്നും അലൻ മന്ത്രിമാരോടു ചോദിച്ചു.
മന്ത്രിമാർ സന്ദർശനം നടത്താൻ വൈകിയതിൽ അജീഷിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പരാതികളും ഉന്നയിച്ചു. കർണാടകയിൽനിന്ന് എത്തിയ ആനയെ പിടികൂടാൻ ദിവസങ്ങളായിട്ടും കഴിഞ്ഞിട്ടില്ല. ഇതിൽ നടപടി വേണം. മൃഗങ്ങൾ ഇങ്ങനെ നാട്ടിലിറങ്ങിയാൽ ജനങ്ങൾക്ക് കാടു കയറേണ്ടി വരും.
എന്തൊക്കെ സംഭവിച്ചാലും ഉദ്യോഗസ്ഥരെ കണി കാണാൻ കിട്ടാറില്ല. ഈ അവസ്ഥ തുടർന്നാൽ ഇനി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ജനങ്ങൾ തന്നെ കൊല്ലും. കുരങ്ങന്റെയും കാട്ടാനയുടെയും വോട്ട് വാങ്ങിയല്ലല്ലോ നിങ്ങൾ സഭയിലെത്തിയത്; മനുഷ്യരുടെ വോട്ടു വാങ്ങിയല്ലേ? ജനങ്ങളുടെ കാര്യത്തിൽ ഭരണം നടത്തുന്നവർ ഉത്തരവാദിത്തം നിറവേറ്റണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
ബത്തേരിയിലെ അവലോകന യോഗത്തിനു ശേഷം ഉച്ചകഴിഞ്ഞാണ്, മരിച്ചവരുടെ വീടുകളിൽ മന്ത്രിമാർ സന്ദർശനം നടത്തിയത്. കടുവ കൊന്ന വാകേരി മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലായിരുന്നു ആദ്യ സന്ദർശനം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പടമല പനച്ചിയിൽ അജീഷ്, പാക്കം വെള്ളച്ചാലിൽ പോൾ തുടങ്ങിയവരുടെ വീടുകളും സന്ദർശിച്ചു. പ്രശ്നസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു മന്ത്രിമാരുടെ സന്ദർശനം.