ബെംഗളൂരു ആമസോണ്‍ പാഴ്സൽ തുറന്നപ്പോൾ ഞെട്ടി ദമ്പതികൾ, ബോക്സിനുള്ളിൽ വിഷപ്പാമ്പ്

news image
Jun 19, 2024, 5:08 am GMT+0000 payyolionline.in

ബെംഗളൂരു: ആമസോണ്‍ ഡെലിവറി ബോക്സിനുള്ളിൽ നിന്ന് വിഷപ്പാമ്പിനെ കിട്ടിയെന്ന് ദമ്പതികള്‍. ബെംഗളൂരുവിലെ സർജപൂർ റോഡിൽ താമസിക്കുന്ന ദമ്പതികളാണ് ഓർഡർ ചെയ്ത പാഴ്സൽ വന്നപ്പോള്‍ ഞെട്ടിയത്. പാക്കേജിനുള്ളിൽ മൂർഖനാണ് ഉണ്ടായിരുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു. ഗെയിമിംഗിനായുള്ള എക്സ് ബോക്സ് കൺട്രോളർ ആണ് ഇവർ ഓർഡർ ചെയ്തത്. പെട്ടി തുറന്നപ്പോഴാണ് വിഷപ്പാമ്പിനെ കണ്ടത്. പരാതി നൽകിയെങ്കിലും ആമസോൺ നടപടിയെടുത്തില്ല. പരിശോധിക്കാമെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്ന് ദമ്പതികള്‍‌ പറഞ്ഞു.

ബോക്സിനെ ചുറ്റി ഒട്ടിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പെന്ന് സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരായ ദമ്പതികൾ പറഞ്ഞു. അതുകൊണ്ടാണ് വീട്ടിലുള്ളവർ കടിയേൽക്കാതെ രക്ഷപ്പെട്ടത്. പാമ്പിനെ വിദഗ്ധ സഹായത്തോടെ അവിടെ നിന്നും  മാറ്റി. ശേഷം പാഴ്സൽ ഡെലിവറി ചെയ്ത ആള്‍ക്ക് തന്നെ ബോക്സ് കൈമാറി. സംഭവത്തിന്‍റെ വീഡിയോ ദമ്പതികള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

 

ആമസോണിന്‍റെ കസ്റ്റമർ സപ്പോർട്ടിൽ വിളിച്ചെങ്കിലും രണ്ട് മണിക്കൂറോളം ഒരു സഹായവും ലഭിച്ചില്ലെന്ന് പരാതിയുണ്ട്. റീഫണ്ട് ലഭിച്ചു. പക്ഷേ ഉഗ്രവിഷമുള്ള പാമ്പിനെ അയച്ച് ജീവൻ അപകടത്തിലാവുന്ന സാഹചര്യമുണ്ടാക്കിയതിന് ആമസോണ്‍ മറുപടി പറയണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടു. സുരക്ഷയിൽ ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ചതിന്‍റെ ഉത്തരവാദിത്വം ആമസോണിനുണ്ടെന്നും അവർ പറഞ്ഞു. നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പരിശോധിക്കുമെന്നുമുള്ള ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ഇതുവരെ ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe