കോഴിക്കോട്: കോൺഗ്രസ് നേതാവ് ബെന്നിയുടെ മകൾ ജിബിയുടെ വിവാഹത്തെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. ബെന്നി കൊല്ലപ്പെട്ടത് എനിക്ക് വേണ്ടിയാണെന്ന തോന്നൽ വർഷങ്ങൾ കഴിഞ്ഞിട്ടും മനസിൽ നിന്ന് മാറിയിട്ടില്ല. അതുകൊണ്ട് തന്നെ അവന്റെ കുടുംബത്തിന്റെ സംരക്ഷണം എന്റെ ഉത്തരവാദിത്തമാണെന്ന് എന്നും ഞാൻ വിശ്വസിച്ചിരുന്നു. ജിബിയുടെ വിവാഹം എന്റെ വ്യക്തി ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു…. അത് നടന്നു. ഏറെ സന്തോഷത്തോടെ അത് ഞാൻ കണ്ടുവെന്ന് സുധാകരൻ എഴുതുന്നു.
കുറിപ്പിന്റെ പൂർണ രൂപം:
കണ്ണൂരിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കാൻ ജീവൻ കൊണ്ട് പട പൊരുതിയവനാണ് ബെന്നി എബ്രഹാം. ജനാധിപത്യ ചേരിയിൽ പ്രവർത്തിക്കുന്നവരെ ലിസ്റ്റിട്ട് കൊല്ലുന്ന പിണറായി വിജയന്റെ നരാധമക്കൂട്ടം, 27 വർഷം മുന്നേ ബെന്നിയെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു.
ബെന്നി കൊല്ലപ്പെടുന്ന സമയത്ത് ഈ മകൾക്ക് അമ്മയുടെ ഉദരത്തിൽ ജീവൻ വെച്ചിരുന്നു. ഗർഭിണിയായ ബെന്നിയുടെ ഭാര്യയുടെ കണ്ണുനീരിന്റെ മുന്നിലേക്ക് അവന്റെ മൃതദേഹവും കൊണ്ടു ചെല്ലേണ്ടി വന്ന രാഷ്ട്രീയ നേതാവാണ് ഞാൻ… അവരുടെ കണ്ണുനീരിന് മുന്നിൽ, അന്നത്തെ കണ്ണൂർ കോൺഗ്രസ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ഞങ്ങളുടെ ബെന്നിയുടെ കുട്ടിയെ അന്തസ്സായി വളർത്തുമെന്ന്. ആ കുടുംബത്തിന് ഞങ്ങൾ വീട് വെച്ചു കൊടുത്തു, മകളെ പഠിപ്പിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറവും അവരെ ഞങ്ങൾ മറന്നില്ല. അന്നുമുതൽ ജിബിയുടെ വിവാഹം വരെ എത്തിനിൽക്കുന്ന ഈ വലിയ കാലയളവിൽ കോൺഗ്രസ് പ്രസ്ഥാനം ആ കുടുംബത്തോടൊപ്പം അടിയുറച്ചു നിന്നു.
ബെന്നിയെ പോലുള്ള ഒരുപാട് പ്രിയപ്പെട്ടവരുടെ ചോരയിലാണ് കണ്ണൂർ കോൺഗ്രസ് നിൽക്കുന്നത്. ഞാനടക്കമുള്ളവരെ ലക്ഷ്യം വെച്ചു വന്ന സിപിഎമ്മിന്റെ ആയുധങ്ങളാണ് ഇവരുടെയൊക്കെ ജീവൻ കവർന്നെടുത്തത്. ഓർമ്മകളിൽ ഒരിക്കൽ പോലും മരിക്കാൻ ബെന്നിയെ ഞങ്ങൾ അനുവദിച്ചിട്ടില്ല.
ബെന്നി അന്ന് കൊല്ലപ്പെട്ടത് എനിക്ക് വേണ്ടിയാണെന്ന തോന്നൽ വർഷങ്ങൾ കഴിഞ്ഞിട്ടും മനസിൽ നിന്ന് മാറിയിട്ടില്ല. അതുകൊണ്ട് തന്നെ അവന്റെ കുടുംബത്തിന്റെ സംരക്ഷണം എന്റെ ഉത്തരവാദിത്തമാണെന്ന് എന്നും ഞാൻ വിശ്വസിച്ചിരുന്നു. ജിബിയുടെ വിവാഹം എന്റെ വ്യക്തി ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു…. അത് നടന്നു. ഏറെ സന്തോഷത്തോടെ അത് ഞാൻ കണ്ടു.
27 വർഷങ്ങൾക്കിപ്പുറവും ചെറുപ്പക്കാരുടെ കൈയ്യിൽ കത്തി വെച്ചു കൊടുക്കുന്ന, വെറുക്കാനും കൊല്ലാനും അവരെ പഠിപ്പിക്കുന്ന തീവ്രവാദ-രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം തുടരുന്നു. പരസ്പരം സഹായിക്കാനും, സ്നേഹിച്ചു ജീവിക്കാനും, ജീവിച്ചു വിജയിക്കാനും പഠിപ്പിക്കുന്ന കോൺഗ്രസ് പ്രസ്ഥാനം നന്മയുടെ രാഷ്ട്രീയം പറഞ്ഞു തന്നെ മുന്നോട്ടും പോകുന്നു….