ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ തുടങ്ങി

news image
May 6, 2023, 10:45 am GMT+0000 payyolionline.in

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി ഔദ്യോഗികമായി ചുമതലയേൽക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങുകൾ തുടങ്ങി. ചരിത്രപരമായ ചടങ്ങുകൾക്കാണ് ബക്കിങ്ഹാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റർ ആബിയും സാക്ഷ്യം വഹിക്കുന്നത്.

കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ചാൾസിനൊപ്പം കാമിലയും രാജ്ഞിയായി ചുമതലയേൽക്കും. 1937 നു ശേഷം ആദ്യമായാണ് ഒരു രാഞ്ജി രാജാവിനൊപ്പം കിരീട ധരിക്കാനൊരുങ്ങുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നായി 4000ത്തോളം അതിഥികളാണ് സ്ഥാനാരോഹണ ചടങ്ങിൽ പ​ങ്കെടുക്കുന്നത്. 1953ലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണം. ആ ചടങ്ങിൽ പ​ങ്കെടുത്ത ഏതാനും ആളുകൾ പ്രായം പോലും കണക്കിലെടുക്കാതെ ലണ്ടനിലെത്തിയിട്ടുണ്ട്.

ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 74കാരനായ ചാൾസ്. കിരീട ധാരണ ചടങ്ങിൽ ഹിന്ദുമത വിശ്വാസിയായ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനക് ബൈബിൾ വായിക്കും എന്ന പ്രത്യേകതയുമുണ്ട്. യു.കെയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അഭിമാനകരമായ ആവിഷ്‌കാരം എന്നാണ് ഋഷി സുനക് കിരീടധാരണത്തെ വിശേഷിപ്പിച്ചത്. കിരീട ധാരണ ചടങ്ങിനു ശേഷം ഞായറാഴ്ച വൈകുന്നേരം വിൻഡ്‌സർ കൊട്ടാരത്തിൽ നടക്കുന്ന സംഗീതക്കച്ചേരി ഉൾപ്പെടെ മൂന്ന് ദിവസത്തെ പരിപാടികൾക്കാണ് ബ്രിട്ടൻ സാക്ഷ്യം വഹിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe