ഭക്ഷ്യസുരക്ഷ: കെട്ടിക്കിടക്കുന്നത് 1503 കേസ്; പ്രത്യേക കോടതി അനുവദിക്കാതെ സർക്കാർ

news image
Jan 7, 2023, 10:38 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതികൾ രൂപീകരിക്കണമെന്ന വകുപ്പിന്റെ നിർദേശം വർഷങ്ങളായി അവഗണിച്ച് സർക്കാർ. 2015 മുതൽ ആർഡിഒകളുടെ മുന്നിലും മജിസ്ട്രേട്ട് കോടതികളിലും കെട്ടിക്കിടക്കുന്നത് 1503 കേസുകളാണ്. ഭക്ഷ്യവസ്തുക്കളിൽ മായം കണ്ടെത്തിയതിനും കടകളിലെ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനും റജിസ്റ്റർ ചെയ്ത കേസുകളാണിത്.

 

മറ്റു കേസുകളുടെ കൂട്ടത്തിലാണ് കോടതികൾ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസും പരിഗണിക്കുന്നത്. ഇത് ഏറെ കാലതാമസം ഉണ്ടാക്കുന്നതായും പ്രത്യേക കോടതികൾ സ്ഥാപിച്ചാൽ കേസുകൾ വേഗത്തിൽ തീർക്കാനാകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പലതവണ സർക്കാരിനെ അറിയിച്ചു. ഒരു കോടതിയെങ്കിലും സ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.

ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചാല്‍ അഞ്ചു ലക്ഷം രൂപവരെ പിഴയും ആറു മാസംവരെ തടവുമാണ് ശിക്ഷ. ഭക്ഷണം കഴിച്ചയാൾ മരിച്ചതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാൽ ഏഴു വർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിയമം കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെട്ടാല്‍ ലൈസൻസ് റദ്ദാക്കാൻ നിയമം ഉണ്ട്. ഗുരുതരമായ വീഴ്ച വരുത്തുന്നവരുടെ ലൈസന്‍സും റദ്ദാക്കാൻ ആവശ്യപ്പെടും.

സ്ഥാപനത്തിന്റെ പ്രവർത്തന സാഹചര്യം നോക്കിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുക്കുന്നത്. ചെറിയ പിഴവുകളാണെങ്കിൽ തിരുത്താൻ നോട്ടിസ് നൽകും. പരമാവധി 7 ദിവസം ഇതിനായി നല്‍കും. ഗുരുതരമായ വീഴ്ചയാണെങ്കിൽ നോട്ടിസ് നൽകി കട അടപ്പിക്കും. ഒപ്പം പിഴയും ഈടാക്കും. തുറക്കുന്നതിന് സ്ഥാപനത്തിന്റെ അപേക്ഷ ലഭിച്ചാൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ചുമതലപ്പെടുത്തുന്ന സ്പെഷൽ ടീം പരിശോധന നടത്തി നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുറക്കാൻ അനുമതി നൽകും.

അടിയന്തര സാഹചര്യത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയാണ് ചെയ്യുന്നത്. ന്യൂനത പരിഹരിച്ചാൽ ലൈസൻസ് പുതുക്കി നല്‍കും. വീഴ്ച വരുത്തുന്ന സ്ഥാപനത്തിനുള്ള പിഴ പരമാവധി ഒരു ലക്ഷം രൂപയാണ്. പിഴവുകള്‍ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. സ്ഥാപനത്തിന്റെ പേരിൽ നിയമ നടപടികൾ സ്വീകരിക്കും. അസി.കമ്മിഷണർമാരാണ് ലൈസൻസുകളിൽ നടപടി സ്വീകരിക്കുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 16,503 സാംപിളുകൾ ലാബ് പരിശോധന നടത്തി. 571 സാംപിളുകൾ സുരക്ഷിതമല്ലാത്തവയായും 276 എണ്ണം ഗുണമേൻമയില്ലാത്തതായും ഫലം ലഭിച്ചു. കുറ്റക്കാർക്കെതിരെ 368 അഡ്‌ജൂഡിക്കേഷൻ കേസുകളും 354 പ്രോസിക്യൂഷൻ കേസുകളും ഫയൽ ചെയ്തു. ആവശ്യത്തിന് അക്രഡിറ്റഡ് ലാബുകളില്ലാത്തതും ജീവനക്കാരുടെ കുറവുമെല്ലാം വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe