‘ഭരണനിര്‍വഹണം പഠിക്കാന്‍ അമേരിക്കയിലോ ക്യൂബയിലോ അല്ല, കര്‍ണാടകത്തിലേക്ക് പോകൂ’; മുഖ്യമന്ത്രിയെ ഉപദേശിച്ച് കെ. സുധാകരന്‍

news image
Jun 1, 2023, 7:49 am GMT+0000 payyolionline.in

തിരുവനന്തപുരം: ഭരണനിര്‍വഹണം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകര്‍ന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങള്‍ ചെലവഴിച്ച് സന്ദര്‍ശിക്കുന്നതിനു പകരം തൊട്ടടുത്ത കര്‍ണാടകത്തിലേക്കു പോയാല്‍ പ്രയോജനം കിട്ടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് പത്ത് ദിവസമേ ആയുള്ളുവെങ്കിലും കര്‍ണാടകത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

തന്റെ വാഹനം കടന്നുപോകുമ്പോള്‍ മറ്റു വാഹനം തടഞ്ഞ് ഗതാഗതം തടസപ്പെടുത്തരുതെന്ന മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ് തന്നെ 40 വാഹനങ്ങളുടെ അകമ്പോടിയോടെ, പോകുന്നിടത്തൊക്കെ ഗതാഗതം തടസപ്പെടുത്തുന്ന പിണറായി വിജയന് പഠിക്കാവുന്ന ഒന്നാന്തരം പാഠമാണ്. കര്‍ണാടകത്തില്‍ നടപ്പാക്കിയ കുടുംബനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര, ഓരോ വീടിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഡിഗ്രിയുള്ള തൊഴില്‍രഹിതര്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും തുടങ്ങിയവയും മാതൃകയാക്കാം.

അതേസമയം, ഭരണനിര്‍വഹണം പഠിക്കാന്‍ പോകുന്ന ക്യൂബയില്‍ 2021 മുതല്‍ ജനങ്ങള്‍ വലിയ പ്രക്ഷോഭത്തിലാണ്. മരുന്നും ഭക്ഷണവും വൈദ്യുതിയും ജനാധിപത്യ അവകാശങ്ങളും തേടി ജനങ്ങള്‍ സമരം നടത്തുമ്പോള്‍ കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുജനാരോഗ്യ ശൃംഖല തകര്‍ന്ന കിടക്കുന്ന ക്യൂബയില്‍ അവശ്യമരുന്നുകളുടെ അഭാവം രൂക്ഷമാണ്. പ്രതിഷേധിക്കുന്ന കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവപര്യന്തം ശിക്ഷയുമായി ജയിലുകളില്‍ കഴിയുന്നു. 2021-22ല്‍ മാത്രം 2.24 ലക്ഷം ക്യൂബന്‍കാരാണ് കൊടുകാട്ടിലൂടെയും ബോട്ടുകളിലും അപകടകരമായി യാത്ര ചെയ്ത് അമേരിക്കയിലേക്ക് രക്ഷപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് പുതിയ നിയമം തന്നെ നടപ്പാക്കി. 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 161-ാംസ്ഥാനത്തു നിൽക്കുന്ന ഇന്ത്യയുടെ ചേട്ടനായി ക്യൂബ 172-ാം സ്ഥാനത്താണ്.

മുഖ്യമന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും ആയുസിന്റെ സിംഹഭാഗവും അമേരിക്കന്‍ സാമ്രാജ്യത്വത്തെ ആക്രമിക്കാന്‍ ചെലവിട്ടതാണ്. എന്നാല്‍, മിക്ക നേതാക്കളും ചികിത്സക്കും ഉല്ലാസയാത്രക്കും മക്കളുടെ വിദ്യാഭ്യാസത്തിനും അമേരിക്കയിലേക്കു തന്നെ പോകുന്നു എന്നതു വിധിവൈപരീത്യമാണ്. മുഖ്യമന്ത്രി നെതര്‍ലന്‍ഡില്‍ വെള്ളപ്പൊക്ക നിവാരണവും നോര്‍വെയില്‍ മാലിന്യസംസ്‌കരണവും പഠിക്കാന്‍ പോയതു പോലെ ഈ സന്ദര്‍ശനം വൃഥാവിലാകാതിരിക്കട്ടെയെന്ന് കെ. സുധാകരന്‍ ആശംസിച്ചു.

അമേരിക്കയില്‍ ലോകകേരള സഭ സമ്മേളനത്തിന് താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാളില്‍ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനം പാലിക്കുന്നു. കമഴ്ന്നുവീണാല്‍ കാല്‍പ്പണമെന്നത് സി.പി.എമ്മിന്റെ ജനിതക സ്വഭാവമാണെന്നും സുധാകരന്‍ പരിഹസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe