‘ഭര്‍ത്താവിനോട് ഇഷ്ടം മാത്രം, അടുത്ത ജന്മത്തില്‍ ഒന്നിച്ചു ജീവിക്കണം’, തിരുവള്ളൂരില്‍ അഖിലയുടെ അവസാന കുറിപ്പ്

news image
Jan 22, 2024, 10:22 am GMT+0000 payyolionline.in

തിരുവള്ളൂര്‍: യുവതിയുടെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും ആത്മഹത്യയില്‍ വിറങ്ങലിച്ചുപോയ നാടിനെയാകെ വീണ്ടും വേദനയിലാഴ്ത്തി ആത്മഹത്യാക്കുറിപ്പ്. തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന അനന്തലക്ഷ്മി (അഖില-24), മക്കളായ കശ്യപ്(ആറ്), വൈഭവ്(ആറ് മാസം) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മക്കളെ ചേര്‍ത്തുകെട്ടി അഖില ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യാകുറിപ്പ് കിണറ്റിന്‍ കരയില്‍ നിന്നാണ് കണ്ടെത്തിയത്.

ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ ഭര്‍ത്താവ് നിധീഷിനോടുള്ള ഇഷ്ടത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അടുത്ത ജന്മത്തില്‍ ഒരുമിച്ച് ജീവിക്കാമെന്നും തന്റെ അച്ഛനെയും അമ്മയെയും നോക്കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ആത്മഹത്യാ കുറിപ്പിലെ വരികള്‍ കേട്ടറിഞ്ഞ പ്രദേശവാസികളാകെ വിതുമ്പലടക്കുകയാണ്. എന്തിനാണ് അഖില ജീവനൊടുക്കിയതെന്നാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യം.

ഞായറാഴ്ച ഉച്ചയോടെ ദുരന്തവാര്‍ത്തയറിഞ്ഞതുമുതല്‍ ഇവിടേക്ക് നാട്ടുകാര്‍ പ്രവഹിച്ചിരുന്നു. ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന നിധീഷ് ശനിയാഴ്ച രാത്രി പാനൂരിലെ അമ്പലത്തില്‍ പൂജയ്ക്കായി പോയതായിരുന്നു.  ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ നിധീഷ് അഖിലയെയും മക്കളെയും കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് കിണറില്‍ മൂന്ന് പേരെയും കണ്ടെത്തിയത്.

നിധീഷ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടിലേക്ക് ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അയല്‍ക്കാരെ നിധീഷ് വിവരം അറിയിച്ചു. അയല്‍ക്കാരാണ് വീട്ടിലെ കിണറില്‍ അഖിലയും കുട്ടികളും വീണ് കിടക്കുന്നത് കണ്ടത്. അനന്തലക്ഷ്മിയുടെ ശരീരത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു കുട്ടികള്‍. സംഭവം അറിഞ്ഞെത്തിയ അയല്‍വാസി ആറ് മാസം പ്രായമുള്ള വൈഭവിനെ കിണറ്റിലിറങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് അനന്ത ലക്ഷ്മിയേയും മൂത്ത കുട്ടിയേയും പുറത്തെടുത്ത്. ഇവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പാലക്കാട് നെന്‍മാറ അയിലൂര്‍ തേര്‍ഡ് സ്ട്രീറ്റിലെ പരേതനായ ശ്രീരാമ  അയ്യരുടെയും സത്യവതിയുടെയും മകളാണ് അഖില.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe