മുംബൈ: മുംബൈയിലെ വൈൽ പാർലെ ഈസ്റ്റിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ 41കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ഫെബ്രുവരി 28നാണ് സംഭവം നടന്നത്. ഭാര്യയും അമ്മായിയമ്മയുമാണ് തന്‍റെ ആത്മഹത്യക്ക് കാരണക്കാരെന്ന് മരിച്ച നിശാന്ത് ത്രിപാഠി കമ്പനിക്കയച്ച സന്ദേശത്തിൽ പറയുന്നു.
ആനിമേഷനിലും ചലച്ചിത്ര നിർമാണ മേഖലയിലും പ്രവർത്തിച്ചു വരുന്ന നിശാന്ത് ത്രിപാഠി ഏറെ നാളായി ഭാര്യയുമായി പിണക്കത്തിലായിരുന്നു. മരിക്കുന്നതിനു മൂന്ന് ദിവസം മുൻപ് ഭാര്യയുമായി പിണങ്ങി സഹാറ സ്റ്റാറിൽ കഴിയുകയായിരുന്നു. സംഭവം നടന്ന ദിവസം ഹോട്ടൽ മുറിക്കു വെളിയിൽ ശല്യപ്പെടുത്തരുത് എന്ന ബോർഡ് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരാണ് മുറി തുറന്ന് നോക്കുകയായിരുന്നു. തുടർന്നാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ നിശാന്ത് ത്രിപാഠിയുടെ മൃതദേഹം കണ്ടെത്തിയത്.
മൊബൈൽ ഫോണിലെ ആത്മഹത്യാക്കുറിപ്പിന്‍റെയും നിശാന്ത് ത്രിപാഠിയുടെ അമ്മ നീലം ചതുർവേദി (64)യുടെ പരാതിയുടെയും അടിസ്ഥാനത്തിൽ മാർച്ച് മൂന്നിന്, എയർപോർട്ട് പൊലീസ് ഭാര്യ അപൂർവ പരീഖ് (36), അമ്മായി പ്രാർത്ഥന ആര്യ (50) എന്നിവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യക്കു പിന്നിൽ മാനസിക സമ്മർദം മാത്രമാണോ അതോ നിശാന്ത് ഏതെങ്കിലും വിധത്തിലുള്ള പീഠനത്തിനിരയായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.