ഭാര്യയുമായി അകന്നു, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പിന്നാലെ വീട്ടിലെത്തി എഫ്ബി ലൈവിട്ട് യുവാവിന്‍റെ ആത്മഹത്യ

news image
Sep 26, 2022, 3:21 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫേസ്ബുക്കിൽ ലൈവിട്ട് യുവാവിന്‍റെ തത്സമയ ആത്മഹത്യ. ശ്രീവിരാഹം സ്വദേശി 39 വയസുള്ള രാജ്മോഹനാണ് തൂങ്ങി മരിച്ചത്. കുടുംബപ്രശ്‍നമാണ് ആത്മഹത്യയ്ക്ക് കാരണം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു ഫ്രീലാൻസ് വീഡിയോ ഗ്രാഫറായ രാജ്മോഹൻ.

 

 

ഇന്ന് ഉച്ചയ്ക്ക് ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പാപ്പനംകോട്ടെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് രാജ്മോഹൻ ആത്മഹത്യ ചെയ്തത്. മദ്യമലഹരിയിലായിരുന്ന രാജ്മോഹൻ ലൈവിനിടെ മദ്യപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഭാര്യ വീട്ടിൽവച്ച് ബന്ധുക്കളുടെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ ഒത്തുതീര്‍പ്പ് ചര്‍ച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീടിന്‍റെ വാതിലുകൾ കുറ്റിയിട്ട ശേഷം ആത്മഹത്യ ചെയ്തത്.

പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഓട്ടോ ഓടിച്ചും ഫ്രീലാൻസ് വീ‍ഡിയോഗ്രഫി ചെയ്തും കഴിയുകയായിരുന്നു രാജ്മോഹൻ. സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്.

അതേസമയം, ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിലായി. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്.

അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ആത്മഹത്യ ചെയ്തത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഫോൺ രേഖകളും പരിശോധിച്ച ശേഷമാണ് പൊലീസ് ഹരിയെ അറസ്റ്റ് ചെയ്തത്. പ്രതി ഗൾഫിൽ  നിന്നും നാട്ടിലെത്തിയ ദിവസമായിരുന്നു യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe