ഭാര്യയെ തീകൊളുത്തിക്കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസ്; ഭർത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും

news image
Jan 17, 2023, 1:18 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ജോയ് എന്ന ജോയ് ആന്റണിയെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. ജീവപര്യന്തം തടവിന് പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ. വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി.

2013 ആഗസ്റ്റ് മൂന്നിനാണ് പ്രതി ഭാര്യയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ചത്. മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയില്‍ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. ഏഴും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളുടെ മുന്നിലിട്ടാണ് സുനിതയെ തലക്കടിച്ചു വീഴ്ത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചത്. ഇതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതിനുശേഷമാണ് സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും. അടുത്ത ദിവസം കുട്ടികളോട് അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ബന്ധുക്കളില്ലാതിരുന്ന സുനിതയെ കാണാതായതിനെ തുടർന്ന് പരാതി നല്‍കിയത് അന്നത്തെ ആനാട് വാര്‍ഡ് മെമ്പര്‍ ആയിരുന്ന ഷിജുകുമാറാണ്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. തുഷാര രാജേഷ് എന്നിവർ ഹാജരായി. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe