മഅ്ദനിയുടെ കേരളയാത്ര: 50 ലക്ഷം കെട്ടിവെക്കണമെന്ന കർണാടകയുടെ നിർദേശത്തെ വിമർശിച്ച് സുപ്രീംകോടതി

news image
Apr 27, 2023, 2:05 pm GMT+0000 payyolionline.in

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദു​ന്നാസിർ മഅ്ദനിയുടെ കേരളയാത്രക്ക് 50 ലക്ഷം കെട്ടിവെക്കണമെന്ന കർണാടകയുടെ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മഅ്ദനിയെ കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ കർണാടക സർക്കാർ പുതിയ ഉപാധി വെച്ച് ചെയ്യുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.

മഅ്ദനിയെ കേരളത്തിലേക്ക് അയക്കണമെങ്കിൽ 20 പൊലീസുകാരുടെ അകമ്പടി വേണമെന്നും അവർക്ക് ചെലവിന് മാസം തോറും 20 ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നുമുള്ള കർണാടക സർക്കാറിന്റെ ഉപാധിയോടാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചത്. കഴിഞ്ഞ പ്രാവശ്യം മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുപോയ അതേ ഉപാധിയോടെ കൊണ്ടു പോകാനല്ലേ തങ്ങൾ ഇറക്കിയ ഉത്തരവെന്ന് ചോദിച്ച ജസ്റ്റിസ് രസ്​തോഗി, കഴിഞ്ഞ തവണ എത്ര പൊലീസായിരുന്നു അകമ്പടി പോയിരുന്നതെന്ന് ആരാഞ്ഞു.

10 ദിവസം കഴിഞ്ഞിട്ടും സുപ്രീംകോടതി വിധി കർണാടക സർക്കാർ നടപ്പാക്കാത്തത് മഅ്ദനിയുടെ അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനുമാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ ബെഞ്ചാണ് ജാമ്യം കിട്ടി എട്ട് വർഷത്തിന് ശേഷം മഅ്ദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിച്ചത്.

ഈ മാസം 17ന് മഅ്ദനിയെ കേരളത്തിലേക്ക് വിടാൻ ഉത്തരവിട്ടുവെങ്കിലും അതിന് ശേഷം ഒമ്പത് ദിവസ​ത്തേക്ക് കർണാടക സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരനക്കവുമുണ്ടായില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. വിഷയം തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ബെഞ്ച് നിലപാട് അറിയിക്കാൻ കർണാടകയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe