മകന് പിന്നാലെ അമ്മയ്ക്കും ദാരുണാന്ത്യം; വർക്കലയിൽ ഭർത്താവ് തീ കൊളുത്തിയ ഭാര്യയും മരിച്ചു

news image
Jun 3, 2024, 10:57 am GMT+0000 payyolionline.in

തിരുവനന്തപുരം: വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം. ഇരുവരുടെയും മകൻ അമൽ (17) ഇന്ന് രാവിലെ മരിച്ചിരുന്നു. വർക്കല സ്വദേശി രാജേന്ദ്രൻ ഇന്നലെയാണ് ഭാര്യ ബിന്ദുവിനെ തീകൊളുത്തിയത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ അമലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ ആറ് മാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞുകഴിയുകയായിരുന്നു. ഭര്‍തൃവീട്ടില്‍ വസ്ത്രങ്ങളും മറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍ അമലിനെയും രാജേന്ദ്രന്‍ ആക്രമിച്ചത്. പെയിന്‍റിങ് തൊഴിലാളിയായ രാജേന്ദ്രന്‍ കയ്യില്‍ കരുതിയ ടര്‍പ്പന്‍റൈന്‍ ഒഴിച്ചാണ് ഇരുവരെയും തീകൊളുത്തിയത്. ചേര്‍ത്ത് പിടിച്ചതിനാല്‍ രാജേന്ദ്രനും പൊള്ളലേറ്റു. ബിന്ദുവും മകനും വീടിന് പുറത്തേക്ക് ഓടി. രാജേന്ദ്രന്‍ വീടിന്‍റെ അകത്തുതന്നെ പൊള്ളലേറ്റ് വീണ് മരിക്കുകയുമായിരുന്നു.

തയ്യല്‍ജോലിക്കാരിയായ ബിന്ദുവിന്‍റെ മെഷീനും മറ്റും വീട്ടില്‍നിന്ന് എടുക്കാൻ  അനുമതി തേടി അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാജേന്ദ്രന്‍ സമ്മതം നല്‍കിയതോടെയാണ് പൊലീസ് നിര്‍ദേശത്തോടെ മകന്‍റെ സുഹൃത്തുക്കളെയും കൂട്ടി ഭര്‍തൃവീട്ടിലെത്തിയത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെയും അമലിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe