മകരവിളക്ക് ഇന്ന്; സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തിലേറെപ്പേര്‍

news image
Jan 14, 2023, 2:26 am GMT+0000 payyolionline.in

ശബരിമല∙ പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്. ശരണമന്ത്രങ്ങളുട‌െ താഴ്‌വാരം ഭക്തിയുടെ കൊടുമുടിയിൽ. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു. സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിട്ടുണ്ട്.

സംക്രമ സന്ധ്യയിൽ അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20നുശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും.അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്ക്കു ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രി 8.45നാണ് മകരസംക്രമ മുഹൂർത്തം.അയ്യപ്പ വിഗ്രഹത്തിൽനിന്നു തിരുവാഭരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും.അപകടങ്ങൾ ഒഴിവാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ മടക്കയാത്രയ്ക്കായി 1000 ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് 19 വരെയാണ് ദർശനം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe