മകളുടെ പ്രണയം ഇഷ്ടമാ‌യില്ല; ആന്ധ്രപ്രദേശില്‍ 16കാരിയെ കൊലപ്പെടുത്തി പിതാവ്, ഫേസ്ബുക്കിൽ കുറ്റസമ്മതം

news image
Nov 5, 2022, 2:57 pm GMT+0000 payyolionline.in

വിശാഖപട്ടണം: അയൽവാസിയായ ‌യുവാവിനെ മകൾ പ്രണയിച്ചത് ഇഷ്ടമാകാത്ത കാരണത്താൽ ആംബുലൻസ് ഡ്രൈവർ 16കാരിയെ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണത്താണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പിതാവ് ഫേസ്ബുക്കിൽ കുറ്റസമ്മതം നടത്തി. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ വരപ്രസാദിനെ അറസ്റ്റ് ചെയ്തു. നികിത ശ്രീയാണ് കൊല്ലപ്പെട്ടത്. പ്രണയത്തെ തുടർന്ന് മകൾ പഠനത്തിൽ ശ്രദ്ധിക്കാതായതോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ വീഡിയോയിൽ പറഞ്ഞു. പഠിക്കാനവശ്യമായ എല്ലാ സൗകര്യങ്ങളും മകൾക്ക് ചെയ്ത് കൊടുത്തെന്നും എന്നാൽ മകൾ പഠനത്തിൽ ശ്രദ്ധിച്ചില്ലെന്നും ഇയാൾ പറഞ്ഞു.

അയൽവാസിയായ യുവാവിനോട് സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പെൺകുട്ടി യുവാവുമായുള്ള ബന്ധം തുടർന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കൊലപാതകമെന്നും ബെൽറ്റുപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും വിശാഖപട്ടണം സിറ്റി പൊലീസ് പറഞ്ഞു. പിന്നീട് ഇയാൾ കുറ്റസ്സമ്മത വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. 13 വർഷം മുമ്പ് ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി‌‌‌. രണ്ട് വർഷം മുമ്പ് മൂത്തമകൾ മറ്റൊരാളോടൊപ്പവും ഒളിച്ചോ‌ടി. രണ്ടാമത്തെ മകളും ഒളിച്ചോടുമെന്ന ഭീതിയെ തുടർന്നാണ് ഇയാൾ കടുംകൈ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പാലക്കാട് പട്ടാമ്പിക്കടുത്ത് കൊപ്പത്ത് പട്ടിക്ക് തീറ്റകൊടുക്കുന്നതുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്തിയിരുന്നു. കൊലപാതകം പോസ്റ്റ്മോർട്ടം പരിശോധനയിലാണ് വ്യക്തമായത്. കൊപ്പം മണ്ണേങ്ങോട് അത്താണിയിൽ മുളയകാവ് പെരുപറതൊടി അബ്ദുൾ സലാമിന്റെ മകൻ ഹർഷാദിനെ കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹർഷാദിന്റെ സുഹൃത്ത് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതത്തിൽ കലാശിച്ചതെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe