മങ്കിപോക്സ് എന്ന പേര് മാറ്റണമെന്ന് ലോകാരോഗ്യസംഘടനയോട് ന്യൂയോർക്

news image
Jul 27, 2022, 12:18 pm IST payyolionline.in

ന്യൂയോർക്: മങ്കിപോക്സ് വൈറസിന് പുനർനാമകരണം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ന്യൂയോർക് അധികൃതർ. വിവേചനപരവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഇത്തരം പേരുകൾ രോഗികളെ ചികിത്സ തേടുന്നതിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് ന്യൂയോർക് സിറ്റി പബ്ലിക് ഹെൽത്ത് കമ്മീഷണർ അശ്വിൻ വാസൻ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസൂസിന് അയച്ച കത്തിൽ പറയുന്നു.

മങ്കിപോക്സ് വൈറസ് ആദ്യമായി ഉത്ഭവിച്ചിരിക്കുന്നത് ആൾക്കുരങ്ങുകളിൽ നിന്ന് അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എച്ച്.ഐ.വിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും കോവിഡ് മഹാമാരിയെക്കുറിച്ച് യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പരാമർശവും തുടർന്ന് ഏഷ്യൻ വംശജർക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപവും അദ്ദേഹം കത്തിൽ പരാമർശിച്ചു. മങ്കിപോക്സ് എന്ന പേര് വിവേചനപരമാണെന്നും ഒരുവിഭാഗം ആളുകളെ അപമാനിക്കുന്നതാണെന്നും ഇത് ആരോഗ്യ സേവനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിച്ചേക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

മറ്റ് അമേരിക്കൻ നഗരങ്ങളെ അപേക്ഷിച്ച് ന്യൂയോർക്കിൽ മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം കൂടി വരികയാണ്. ഇതുവരെ 1,092 കേസുകളാണ് ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മങ്കിപോക്സ് വർധിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 70 ശതമാനം രോഗികളും യുറോപ്യൻ രാജ്യങ്ങളിലാണ്. ഇതുവരെ 75 രാജ്യങ്ങളിലായി 16,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യസംഘടന അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe