മഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

news image
Jun 1, 2024, 3:17 pm GMT+0000 payyolionline.in

മഞ്ചേരി: കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്. അപകടത്തിൽ ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ലത്തീഫിന്റെ സഹോദരി ഹസീന ബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. പാണ്ടിക്കാട് നിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽനിന്നു വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം.

നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹംദാന്റെ ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതൃസഹോദരി ഹസീന ബാനുവിന്റെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു ഹംദാൻ. തിങ്കളാഴ്ച സ്കൂൾ തുറക്കാനിരിക്കെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം.

ഹസീനയായിരുന്നു കാർ ഓടിച്ചിരുന്നത്. ഹംദാന്റെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സാരമായി പരിക്കേറ്റ ഹാസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീന ബാനുവിനെയും ഹിസയെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഖബറടക്കം ഞായറാഴ്ച ചെങ്ങര ജുമാ മസ്ജിദിൽ നടക്കും. മാതാവ്: സഫിയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe