മഞ്ഞക്കുളത്ത് അനധികൃത മണ്ണെടുപ്പ്‌: പ്രദേശവാസികള്‍ ആശങ്കയില്‍

news image
Nov 11, 2013, 11:00 pm IST payyolionline.in

മേപ്പയൂര്‍: ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന രീതിയില്‍ മണ്ണെടുപ്പ്‌ തകൃതം. പ്രദേശവാസികള്‍ ആശങ്കയില്‍. മേപ്പയൂര്‍ പഞ്ചായത്തിലെ മഞ്ഞക്കുളത്താണ് പ്രകൃതിക്ക് ഭീഷണി ഉയര്‍ത്തി ടണ്‍ കണക്കിന് മണ്ണുകള്‍ ദിനം പ്രതി നീക്കം ചെയ്യുന്നത്. ഏക്കര്‍ കണക്കിന് സ്ഥലങ്ങളിലെ വന്‍ വൃക്ഷങ്ങള്‍ ഉള്‍പ്പെടെ വെട്ടിമുറിച്ചു മാറ്റിയാണ് മണ്ണെടുപ്പ്‌ നടത്തുന്നത്. പരിസ്ഥിതിക്കും പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ക്കും ഭീഷണിയാകുന്ന രീതിയിലാണ് മണ്ണെടുപ്പ്‌ തുടരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും ഇപ്പോള്‍ തണുത്ത മട്ടിലാണ് പ്രതിഷേധം നീങ്ങുന്നത്.

           വര്‍ഷക്കാലത്ത് വെള്ളം സംഭരിക്കുന്നത് ഈ മണ്ണെടുപ്പ്‌ പ്രദേശത്തിന് ചുറ്റുമുള്ള മണ്ണും ചെങ്കല്ലും പാറമടകളിലുമാണ്. വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണിവിടം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രകൃതി ചൂഷണം നടത്തിയാല്‍ പ്രദേശവാസികള്‍ വന്‍ പ്രയാസത്തിലേക്കാണ് എത്തുന്നത്. ഏകദേശം അഞ്ചുമാസത്തിലധികമായി ഇവിടെ നിന്നുള്ള മണ്ണും മരങ്ങളും മുറിച്ചുമാറ്റാന്‍ തുടങ്ങിയിട്ട്. ഒരു പ്രത്യേകതരം പ്രോജക്ടിന്റെ മറവിലാണ് ഇവിടെ നിന്നും പ്രകൃതിയെ ഭയാനകരമാംവിധം ചൂഷണം ചെയ്യുന്നത്. ഏത് തരത്തിലുള്ള പ്രൊജക്ടാണ് ഇവിടെ വരുന്നതെന്നും ആര്‍ക്കും ഒരറിവുമില്ല. ഇവിടെ വരുന്ന പ്രോജക്ടിനെക്കുറിച്ച് ആശങ്ക ദുരീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ലെന്ന്‍ വ്യാപക പരാതിയുണ്ട്. മേപ്പയൂര്‍ പഞ്ചായത്തിലെ ഉണ്ണിക്കാട്കുന്ന്‍, മാവിലാംകണ്ടി, മാണിയോട്ട് ഭാഗങ്ങളിലെ കിണറുകളിലെ ജലവിതാനമാണ് ആശങ്കാജനകമാം വിധം കുറഞ്ഞിരിക്കുന്നത്. മണ്ണെടുപ്പിനുപിന്നില്‍ രാഷ്ട്രീയ ലോബിയാണെന്നും പൊതുവേ ആക്ഷേപമുണ്ട്. ഇവിടെയുള്ള മണ്ണെടുപ്പ്‌ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് പ്രദേശവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe