മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട; അരക്കിലോ എംഡിഎംഎ പിടികൂടി, മുഖ്യ കണ്ണി പിടിയിൽ

news image
Sep 30, 2022, 4:24 am GMT+0000 payyolionline.in

കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം (493gm ) MDMA യുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു.

 

 

എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളിൽ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂർ സ്വദേശി നിസാം എന്നിവരിൽ നിന്നാണ് 183 മില്ലി ഗ്രാം എം ഡി എം എ പിടികൂടിയത്. ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

അതേസമയം സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും വിപണനം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയിൽ കേസ് തെളിയിക്കുന്നത് വരെ കാത്തുനിൽക്കാതെ നടപടിയെടുക്കും. സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക ഇതിനായി എക്സൈസ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ കേന്ദ്ര നിയമത്തിലെ പഴുതുകൾ കാരണം വേഗത്തിൽ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കുന്ന കാര്യം ആലോചിക്കുന്നത്. ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരത്തെ വിതുരയിൽ ഇന്നലെ ഒരു പൊതുപരിപാടിയിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe