ന്യൂഡൽഹി: മണിപ്പൂർ കലാപ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാറിനേയും രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്നും മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മണിപ്പൂർ ഇന്ത്യയിലല്ലെന്നാണ് പ്രധാന മന്ത്രി കരുതുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി രാജ്യദ്രോഹികളാണ്. രാമായണത്തിലെ രാവണനെ ഉദ്ധരിച്ചാണ് രാഹുൽ പ്രസംഗിച്ചത്. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണ് കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത് ഷായെയുമാണെന്നും രാഹുൽ പരിഹസിച്ചു.
എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചില്ലെന്ന് രാഹുൽ ചോദിച്ചു. താൻ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റിൽ ഹൃദയം കൊണ്ട് സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ രാഹുൽ, അദാനിയെ കുറിച്ച് താൻ ഇന്ന് പ്രസംഗിക്കില്ലെന്നും ഭരണപക്ഷം ഭയപ്പെടേണ്ടെന്നും പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. ഭാരത് ജോഡോ യാത്രയിൽ നിന്നും നിരവധി പാഠങ്ങൾ പഠിച്ചു. ഇന്ത്യയെ അറിയാനുള്ള യാത്ര ഇനിയും തുടരും. യാത്രയിൽ യഥാർഥ ഹിന്ദുസ്ഥാനെയാണ് കണ്ടത്. മോദിയുടെ ജയിലിൽ പോകാൻ താൻ തയാറാണെന്നും രാഹുൽ വ്യക്തമാക്കി.