ഇംഫാൽ: മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ അഞ്ച് സിവിലിയൻമാർ കൊല്ലപ്പെട്ടു. മൂന്ന് ബി.എസ്.എഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ നിരവധി ജില്ലകളിൽ സംഘർഷമുണ്ടായെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രിയാണ് വീണ്ടും സംഘർഷം ആരംഭിച്ചത്.
രണ്ട് ദിവസം മുമ്പ് ആയുധധാരികളുടെ ആക്രമണത്തിൽ മണിപ്പൂരിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. ബിഷ്ണാപൂർ ജില്ലയിൽ നാല് പേർ കൊല്ലപ്പെട്ട വിവരം സീനിയർ പൊലീസ് ഓഫീസർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നാല് പേരും മെയ്തേയി വിഭാഗത്തിൽ നിന്നുള്ളവരാണ്.വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കൊലപാതകമുണ്ടായത്.
നബാദീപ്(40), ഒയിനാം ബാമോൻജോ(63), ഒയിനാം മാനിതോബ(37), തിയാം സോമെൻ(56) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. നാല് പേരുടേയും മൃതദേഹം കണ്ടെത്തി ഇംഫാലിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്ന് ബിഷ്ണാപൂർ പൊലീസ് സൂപ്രണ്ട് മേഘചന്ദ്ര സിങ് പറഞ്ഞു. കൃഷിയിടത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇവർക്ക് നേരെ ആയുധധാരികളുടെ ആക്രമണമുണ്ടായത്. കൊലപാതകങ്ങൾക്ക് പിന്നാലെ ഇംഫാൽ താഴ്വരയിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുത്തിട്ടുണ്ട്.
ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത് ആയുധധാരികളായ ഗ്രാമീണ വളണ്ടിയർമാർ തമ്മിൽ വെടിവെപ്പുണ്ടാവുകയും അതിൽ 23കാരനായ ഒരാൾ കൊല്ലപ്പെടുകയുമായിരുന്നു. മെയ്തേയി വിഭാഗത്തിൽ നിന്നുള്ളയാളാണ് അവിടെയും കൊല്ലപ്പെട്ടത്. 2023 മേയിലാണ് മെയ്തേയികളും കുക്കികളും തമ്മിൽ മണിപ്പൂരിൽ സംഘർഷം തുടങ്ങിയത്. ഇതുവരെ സംഘർഷങ്ങളിൽ 207 പേർ മരിച്ചുവെന്നാണ് കണക്കുകൾ.