മണിപ്പൂരിൽ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു; 27 പേർക്ക് പരിക്ക്, വെള്ളിയാഴ്ച ചർച്ച ആവാമെന്ന് അമിത് ഷാ

news image
Aug 4, 2023, 1:53 am GMT+0000 payyolionline.in

ദില്ലി: സംഘർഷം തുടരുന്ന മണിപ്പൂരിൽ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം. 27 പേർക്ക് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പരിക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചു.

അതേസമയം, മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ അടുത്ത വെള്ളിയാഴ്ച ചർച്ച ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിന് മുമ്പ് സമയക്കുറവുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യസഭയിലുണ്ടാക്കിയ ധാരണയ്ക്ക് ഇത് എതിരാണെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. അതേസമയം, രാജ്യസഭയിൽ മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്കുള്ള സർക്കാർ നിർദ്ദേശം ആലോചിക്കാൻ ഇന്ത്യ സഖ്യയോഗം ഇന്ന് യോ​ഗം ചേരും.

ചട്ടം 167 പ്രകാരം പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലൂള്ള ചർച്ചയ്ക്കാണ് സർക്കാർ തയ്യാറായത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചർച്ച വേണം എന്ന ആവശ്യത്തിൽ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോകും എന്നാണ് നേതാക്കൾ സൂചന നൽകിയത്. ഒത്തുതീർപ്പുണ്ടാക്കുന്ന കാര്യത്തിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നതയുണ്ടായിരുന്നു. ദില്ലി ഓ‍ഡിനൻസിന് പകരമുള്ള ബിൽ ഇന്ന് രാജ്യസഭയിൽ വയ്ക്കും. ബില്ല് ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe