മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയുമായി സഖ്യം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

news image
Jan 28, 2022, 3:01 pm IST payyolionline.in

ദില്ലി: മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ മത്സരിക്കും. സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ ‌അ‌ഞ്ച് പാര്‍ട്ടികളുമായി ചേര്‍ന്ന് മണിപ്പൂരില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.കോണ്‍ഗ്രസ് സഖ്യത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്പോഴാണ് മണിപ്പൂരില്‍ സഖ്യം പ്രഖ്യാപിക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിലും കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി കേരളം അടക്കം വിമർശനം ഉയർത്തിയ സാഹചര്യം നിലനില്‍ക്കേയാണ് മണിപ്പൂരിലെ സഖ്യ പ്രഖ്യാപനം. മതേതരശക്തികളെ ഒന്നിച്ച് നി‍ർത്തി ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് സിപിഎം,സിപിഐ, ആര്‍എസ്പി, ജനതാദള്‍ എസ്, ഫോര്‍വേർഡ് ബ്ലോക്ക് എന്നീ ആറ് പാര്‍ട്ടികളുടെ സഖ്യമാകും മണിപ്പൂരില്‍ ബിജെപിയെ നേരിടുക. നിലവില്‍ 40 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അറുപതില്‍ 28 സീറ്റ് കോണ്‍ഗ്രസും 21 സീറ്റ് ബിജെപിയും നേടിയ കഴിഞ്ഞ തവണ ഇരു പാര്‍ട്ടികളും തമ്മില്‍ ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിലും കൂടുമാറ്റം ഏറെ നടന്ന സംസ്ഥാനത്ത് 39 എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിയാണ് സർക്കാർ രൂപികരിച്ചത്.

ഭരണവിരുദ്ധ വികാരവും , വോട്ട് ശതമാനവുമെല്ലാം ചൂണ്ടിക്കാട്ടി സഖ്യത്തിന് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാകുമെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ചില സീറ്റുകളില്‍ ഇടത്പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദ മത്സരമുണ്ടാകുമെങ്കിലും നിര്‍ണായക സീറ്റുകളില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം കരുതലോടെയാകും. സഖ്യത്തിന്‍റെ പേര് നിശ്ചയിക്കുന്നതിലും പൊതു മിനിമം പരിപാടി രൂപികരിക്കുന്നതിലും ഉടനെ തീരുമാനമെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe