ചിറയിൻകീഴ്: അശാസ്ത്രീയ നിർമാണത്തെതുടർന്ന് അപകടങ്ങൾ തുടർക്കഥയായ അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന്റെ അഴിമുഖത്ത് വീണ്ടും മണ്ണുമൂടൽ പ്രതിഭാസം.
തുറമുഖ ചാലിൽ ക്രമാതീതമായി അടിഞ്ഞുകൂടുന്ന മണൽത്തിട്ടയിൽ ഇടിച്ച് മത്സ്യബന്ധന യാനങ്ങൾക്ക് അപകടം സംഭവിക്കാൻ സാധ്യത വർധിച്ചു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവനും ഭീഷണി ഉയർത്തുകയാണ്.
ആശാസ്ത്രീയ പുലിമുട്ട് നിർമാണംമൂലം അഴിമുഖത്ത് ക്രമാതീതമായി മണ്ണടിഞ്ഞു കൂടിയതിനെതുടർന്ന് നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 60 ലേറെ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടമായി. ലക്ഷങ്ങളുടെ മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെ നാശനഷ്ടവും സംഭവിച്ചു.
അപകടമരണം സംഭവിക്കുമ്പോൾ പ്രതിഷേധം തണുപ്പിക്കാൻ മുതലപ്പൊഴിയുടെ അശാസ്ത്രീയതയെക്കുറിച്ച് പഠിക്കാൻ സമിതികളെ നിയമിക്കാറുണ്ട്. തുടർന്ന് തുറമുഖ ഇടനാഴിയിൽ ട്രെഡ്ജിങ് ഉൾപ്പെടെ നടത്തി മണൽ നീക്കംചെയ്യാനും സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതിന്റെ തെളിവാണ് തുറമുഖ കവാടത്ത് വീണ്ടും മണൽ അടിയുന്നത്.
കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് സ്വദേശി അജി ജോസഫിന്റെ ഉടമസ്ഥതയിലുള്ള ‘അത്യുന്നതങ്ങൾ’ വള്ളം മണൽത്തിട്ടയിൽ ഇടിച്ചുകയറി. അപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും തിരയിൽപെട്ടു.
മുതലപ്പൊഴി സുരക്ഷിതമാണെന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിരിക്കെയാണ് വീണ്ടും അഴിമുഖത്ത് ക്രമാതീതമായി മണ്ണടിഞ്ഞുകൂടുന്നത്. തുറമുഖ വകുപ്പിന്റെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ അപകടങ്ങളം ജീവഹാനികളും ആവർത്തിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.