മധു കേസ് : സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

news image
Jun 25, 2022, 9:22 am IST payyolionline.in

കൊച്ചി: അട്ടപ്പാടി മധു  കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ  സി.രാജേന്ദ്രൻ രാജിവച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്  ആണ്  രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങൾ  ചൂണ്ടിക്കാട്ടിയാണ്  രാജി. നേരത്തെ സി.രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

മണ്ണാർക്കാട് എസ്‍സി എസ്‍ടി കോടതിയിൽ നടക്കുന്ന കേസിലെ വിചാരണ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റാനുള്ള ആവശ്യത്തിൽ സർക്കാർ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇക്കാര്യത്തിൽ സർക്കാർ പത്ത് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിനിടയിലാണ്  സി.രാജേന്ദ്രൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചത്. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും മധുവിന്റെ കുടുംബം കത്ത് നൽകിയിരുന്നു.

ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിർത്തിവയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ വിചാരണ കോടതി നിർദേശിക്കുകയായിരുന്നു. ഇതേതുടർന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.

പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും അഡീഷണൽ പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മയുയെും സഹോദരിയുടെയും ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe