മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി;അന്വേഷണം കോഴിക്കോട് റൂറൽ എസ്പിക്ക്

news image
Dec 8, 2023, 3:57 am GMT+0000 payyolionline.in

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസില്‍ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറൽ എസ്പി അന്വേഷിക്കും. രാതി കോഴിക്കോട് റൂറൽ എസ്പിക്ക് കൈമാറി. മന്ത്രി നൽകേണ്ട 63 ലക്ഷം രൂപ നൽകുന്നില്ലെന്ന് കാണിച്ച് വടകര സ്വദേശിയാണ് പരാതി നൽകിയത്.

2015ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരായ പരാതി. വടകര സ്വദേശി എകെ യൂസഫിന് 63 ലക്ഷം രൂപ അഹമ്മദ് ദേവർകോവിൽ നൽകണമെന്ന് 2019ൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി വിധിയുണ്ടായിട്ടും അനുസരിക്കുന്നില്ലെന്നാണ് വടകരയിലെ നവകേരള സദസിൽ നൽകിയ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും എകെ യൂസഫ് പറയുന്നു. പരാതി കോഴിക്കോട് റൂറൽ എസ്പിക്ക് സർക്കാർ കൈമാറിയതായി പരാതിക്കാരന് സന്ദേശം ലഭിച്ചു. അന്വേഷണം പൊലീസ് ഏറ്റെടുത്തോയെന്ന് വ്യക്തമല്ല. നവകേരള സദസിൽ ലഭിക്കുന്ന പരാതിയിൽ പരമാവധി 45 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന ഉറപ്പിൽ വിശ്വസിക്കുകയാണെന്ന് പരാതിക്കാരനായ എകെ യൂസഫ് പറയുന്നു.

വ്യക്തിപരമായി ആർക്കും പണം നൽകാനില്ലെന്നും നേരത്തെ ഐഎൻഎല്ലിൽ നിന്നും പുറത്താക്കിയവരാണ് പരാതിക്ക് പിന്നിലെന്നുമായിരുന്നു നേരത്തെ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രതികരണം. കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് കേസ് കോഴിക്കോട് റൂറൽ എസ്പിക്ക് കൈമാറിയതായി വിവരം ലഭിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe