തിരുവനന്തപുരം: റോഡ് ക്യാമറ പദ്ധതിയിലടക്കം വിവാദങ്ങൾ കത്തി നിൽക്കെ സെക്രട്ടേറിയറ്റിൽ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച ഉത്തരവായത്. മന്ത്രി പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജി വിനോദിന്‍റെ ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. സംഭവത്തില്‍ കൺഡോൺമെന്‍റ് പൊലീസും കേസെടുത്തിട്ടുണ്ട്. ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ലെന്നും തീപിടുത്തിന്‍റെ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിരിക്കുന്ന നോര്‍ത്ത് ബ്ലോക്കിനോട് ചേര്‍ന്ന് സാൻ്റ്വിച്ച് ബ്ലോക്കിലാണ് രാവിലെ 7.55 ഓടെ തീ കണ്ടത്. മൂന്നാം നിലയിൽ മന്ത്രി പി രാജീവിന്‍റെ ഓഫീസിനോട് ചേര്‍ന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലെ എസിയിൽ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസ് അസിസ്റ്റന്‍റ് എത്തി എസി ഓൺ ചെയ്തതിന് പിന്നാലെയാണ് സംഭവം. എസി കത്തിപ്പോയി. കര്‍ട്ടനിലേക്കും സീലിംഗിലേക്കും തീ പടര്‍ന്നു. ഓഫീസ് ഫര്‍ണിച്ചറുകളും കത്തി നശിച്ചു. ഫയര്‍ ഫോഴിസിന്‍റെ രണ്ട് യൂണിറ്റ് ആദ്യം സ്ഥലത്തെത്തി. 15 മിനിറ്റിനകം തന്നെ തീ പൂര്‍ണ്ണമായും അണച്ചു. ജില്ലാ കളക്ടറെത്തി സ്ഥിതി വിലയിരുത്തി. പൊലീസ് കേസെടുത്തിട്ടുണ്ട്. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇ ഫയലിംഗ് നടപ്പാക്കിയതിനാൽ എല്ലാം സുരക്ഷിതമാണെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.
തീപിടുത്ത വാര്‍ത്ത അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലും സെക്രട്ടേറിയറ്റിനകത്തേക്ക് കയറ്റി വിട്ടില്ല. ദൃശ്യങ്ങളെടുക്കാനും സമ്മതിച്ചില്ല. ഗേറ്റുകളിൽ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. രണ്ടര വര്‍ഷം മുമ്പ് സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത് ആക്ഷേപം ശക്തമായിരുന്ന സമയത്ത് ഇതേ കെട്ടിടത്തിലെ പൊതു ഭരണ വകുപ്പ് പ്രോട്ടോകോൾ സെഷിനിൽ തീപടര്‍ന്നത് വലിയ വിവാദമായിരുന്നു. കേടായ ഫാനിൽ നിന്നുണ്ടായ ഷോട്ട് സര്‍ക്യൂട്ട് എന്നും പ്രധാന രേഖകളൊന്നും നശിച്ചില്ലെന്നുമായിരുന്നു അന്നത്തെ വിശദീകരണം.