മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; ‘ജാഗ്രതക്കുറവ്’,വനിത പൊലീസുകാരിക്ക് ട്രാഫിക്കിലേക്ക് മാറ്റം

news image
Jan 13, 2021, 9:17 pm IST

കൊച്ചി: മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി. വേണ്ടത്ര ജാഗ്രതയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചതിന് വിശദീകരണം. പുതുതായി ചുമതലയേറ്റ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റയെ ആണ് പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനിലേക്ക് കടത്തിവിടാതെ തടഞ്ഞത്. കൊവിഡ് കാലത്ത് പൊലീസ് സ്റ്റേഷനിലേക്ക് ആളുകളെ കടത്തി വിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് നോര്‍ത്തിലെ വനിതാ സ്റ്റേഷനിലേക്ക് ഡിസിപി മഫ്തിയിലെത്തിയത്. സ്റ്റേഷന്‍ പരിസരത്ത് ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട് മഫ്തി വേഷത്തിലെത്തിയ ഡിസിപിയെ പാറാവ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരി തിരിച്ചറിഞ്ഞില്ല. ഡിസിപിയെ തടഞ്ഞ് നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചു. ഇതോടെ ഡിസിപി പ്രകോപിതായി സംസാരിച്ചതോടെയാണ് പൊലീസുകാരി ആളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഡിസിപി ഐശ്വര്യ ഡോങ്‌റെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയോട് വിശദീകരണം ആവശ്യപ്പെട്ടു.

യൂണിഫോമിലല്ലാത്തിനാലും പുതുതായി ചുമതലയേറ്റ ആളായതിനാലും തനിക്ക് തിരിച്ചറിയാനായില്ലെന്നും കൊവിഡ് കാലമായതിനാല്‍ സ്റ്റേഷനിലേക്ക് ആളുകളെ കയറ്റി വിടുന്നതില്‍ ജാഗ്രത പാലിക്കേണ്ടതിനാലാണ് തടഞ്ഞ് നിര്‍ത്തി വിവരങ്ങളന്വേഷിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥ ഡിസിപിക്ക് വിശദീകരണം നല്‍കി. പെട്ടെന്ന് ഒരാള്‍ തിടുക്കത്തില്‍ സ്റ്റേഷനകത്തേക്ക് കയറിപ്പോകുന്നത് കണ്ടപ്പോള്‍ തടഞ്ഞുപോയതാണെന്നും മനപ്പൂര്‍വ്വം തടഞ്ഞതല്ലെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ വിശദീകരണം നല്‍കി.

എന്നാല്‍ വിശദീകരണം തൃപ്തികരമല്ലായെന്ന കാരണത്താല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ രണ്ട് ദിവസത്തേക്ക് ട്രാഫിക്കിലേക്ക് മാറ്റാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം ലഭിച്ചതോടെ വനിതാ പൊലീസുകാരിയെ ട്രാഫിക് ഡ്യൂട്ടിയിലേക്ക് നിയോഗിച്ചു. ഇതോടെ സംഭവം വാര്‍ത്തയായി. എന്നാല്‍ നടപടിയെ ന്യായീകരിച്ച് ഐവര്യ ഡോങ്‌റെ രംഗത്ത് വന്നു. ‘പാറാവ് ജോലി വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ട ജോലിയാണ്, ഡ്യൂട്ടിയിലുണ്ടായിരു ഉദ്യോഗസ്ഥ അത്ര ശ്രദ്ധാലുവായിരുന്നില്ല. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിലെത്തിയിട്ടും ശ്രദ്ധിച്ചില്ല.

ഇത് ജാഗ്രതക്കുറവാണ്. അതുകൊണ്ടാണ് ട്രാഫിക്കിലേക്ക് മാറ്റിയത്. അവിടെ അവര്‍ നന്നായി ജോലി ചെയ്യുന്നുണ്ട്, അതിന് അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമായിരുന്നു ഡിസിപിയുടെ വീശദീകരണം.ഡിസിപിയുടെ നടപടി പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ ചുമതലയേറ്റ ഉദ്യോഗസ്ഥയെ മഫ്തിയിലെങ്ങനെ തിരിച്ചറിയുമെന്നാണ് അവരുടെ ചോദ്യം. ഇനി തടയാതെ അകത്തേക്ക് കയറ്റി വിട്ടാല്‍ കൊവിഡ് നിയന്ത്രണം പാലിച്ചില്ലെന്ന് കാട്ടി കൃത്യവിലോപത്തിന് ശിക്ഷ കൊടുക്കുന്ന സാഹചര്യവും ഉണ്ടായേനേ എന്നുമാണ് പൊലീസുകാര്‍ പറയുന്നത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe