മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ഷാർജ ജയിലിലായിരുന്ന ബോളിവുഡ് നടി ക്രിസാൻ പെരേര മോചിതയായി. ഏപ്രിൽ ആദ്യമാണ് ഇവർ അറസ്റ്റിലായിരുന്നത്. ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ മുംബൈ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആന്റണി പോൾ, രാജേഷ് ബബോട്ടെ എന്ന രവി എന്നിവരാണ് പിടിയിലായത്. ഇവർ ക്രിസാനെ കുടുക്കാൻ ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വെക്കുകയും വിമാനമിറങ്ങുമ്പോൾ ഷാർജ പൊലീസിനെ അറിയിക്കുകയുമായിരുന്നെന്ന് മുംബൈ പൊലീസ് പറഞ്ഞു.
ആന്റണി പോളിന് ക്രിസാന്റെ മാതാവ് പ്രമീളയോടുള്ള മുൻവൈരാഗ്യമാണ് ഇതിന് പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്. ഒരു രാജ്യാന്തര വെബ്സീരീസിൽ അവസരമുണ്ടെന്ന് പറഞ്ഞ് ആന്റണി പോളും രവിയും ചേർന്ന് ക്രിസാനെ സമീപിക്കുകയും ഇതിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് ട്രോഫി കൊടുത്തുവിടുകയുമായിരുന്നു. ബേക്കറി ഉടമയാണ് ആന്റണി പോൾ. രവി ബാങ്കിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ്. മേയ് രണ്ട് വരെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യും. സഡക് 2, ബട്‍ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിൽ 27കാരിയായ ക്രിസാൻ വേഷമിട്ടിട്ടുണ്ട്.