മയ്യഴിപ്പുഴയിലെ ബണ്ടുകൾ മഴയ്ക്ക് മുമ്പ് പൊളിച്ചുനീക്കണം

news image
May 11, 2021, 10:04 am IST

അഴിയൂർ : മാഹി ബൈപാസ് നിർമാണത്തിനായി മയ്യഴിപ്പുഴയ്ക്ക് കുറുകെയുള്ള പാലം പ്രവൃത്തിയുടെ ഭാഗമായി നിർമിച്ച ബണ്ടുകൾ മഴയ്ക്ക് മുമ്പ് പൊളിച്ചുനീക്കണമെന്ന് അഴിയൂർ പഞ്ചായത്തും റവന്യൂ അധികൃതരും ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.

 

ബണ്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും പ്രളയത്തിന്റെ കെടുതികൾ ജനങ്ങൾ ഏറെ അനുഭവിച്ചു.

പുഴയിലെ ബണ്ട് കോഴിക്കോട് കളക്ടറുടെ 2020 മേയ് 20-ന്റെ ഉത്തരവ് പ്രകാരം പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് അസംസ്കൃതവസ്തുക്കൾ കൊണ്ടുപോകുന്നതിനും വാഹനഗതാഗതത്തിനുമായി പുഴ വീണ്ടും നികത്തി 126 മീറ്റർ നീളത്തിൽ താത്‌കാലിക റോഡ് നിർമിച്ചിട്ടുണ്ട്.

42 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലും ഒരു ഇരുമ്പുപാലവും എട്ടരമീറ്റർ വീതിയിൽ മറ്റൊരു ഇരുമ്പുപാലവും നിർമിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ സുഗമമായി വെള്ളം ഒഴുകുന്നില്ല.

ശക്തമായ മഴയിൽ പ്രദേശം പ്രളയത്തിലാവുമെന്ന് വില്ലേജ് ഓഫീസർ സ്പെഷ്യൽ റിപ്പോർട്ട് തയ്യാറാക്കി കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.

ഇതേത്തുടർന്ന് വടകര തഹസിൽദാർ എൻ. മോഹനന്റെ നേതൃത്വത്തിൽ കക്കടവിലെ ബൈപ്പാസ് പ്രവൃത്തി നടക്കുന്ന കേന്ദ്രം പരിശോധിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ, ഭൂരേഖ തഹസിൽദാർ കെ.കെ. പ്രസിൽ, വില്ലേജ് ഓഫീസർ ടി.പി. റെനീഷ് കുമാർ എന്നിവർ ഇ.കെ.കെ. കമ്പനി മാനേജർ ടി. സുരേഷ്, സൂപ്പർവൈസർ എം. ഷാരോൺ എന്നിവരുമായി സംസാരിച്ചു. 31-നകം പൂർണമായും ബണ്ട് പൊളിച്ചുമാറ്റുമെന്നാണ് കമ്പനി അധികൃതർ ഉറപ്പുനൽകിയത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതരും കളക്ടർക്ക് കത്ത് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe