മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാനാകില്ല, മാമുക്കോയുടെ മകന്‍റെ നിലപാട് ശരി; ശിവന്‍കുട്ടി

news image
Apr 29, 2023, 7:30 am GMT+0000 payyolionline.in

തിരുവനന്തപുരം: ഒരു മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാൻ ആകില്ലെന്നും ഇക്കാര്യത്തിൽ മാമുക്കോയുടെ മകൻ എടുത്ത നിലപാടാണ് ശരിയെന്നും വിദ്യാഭ്യാസ മന്ത്രി  വി ശിവന്‍കുട്ടി. മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം വിനു ഉന്നയിച്ചത്.

പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകൻ മുന്നോട്ടുവച്ചിരുന്നു. ഇതിന് പിന്നാലെ  മാമുക്കോയക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന് കഥാകൃത്ത് ടി പത്മനാഭനും വിശദമാക്കിയിരുന്നു.

 

അതേസമയം മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻ നിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്ന് കുടുംബം വിശദമാക്കിയിരുന്നു. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു എന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ പറഞ്ഞു. ഷൂട്ടും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകൾക്ക് പോവുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു. വിദേശത്തായിരുന്നതിനാൽ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾക്ക് പിതാവിന് പങ്കെടുക്കാനായിരുന്നില്ല. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാർ ആവശ്യപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe