മരുന്നു വാങ്ങി വരവേ 3 പവൻ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ സ്കൂട്ടറിൽനിന്ന് വലിച്ചിട്ട് യുവതി

news image
Jun 3, 2024, 5:30 am GMT+0000 payyolionline.in

കഴക്കൂട്ടം (തിരുവനന്തപുരം): സ്കൂട്ടറിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി വണ്ടിയിൽനിന്നു വലിച്ചുനിലത്തിട്ടു പിടികൂടി. മോഷ്ടിച്ച സ്കൂട്ടറുമായെത്തി മാല പൊട്ടിച്ച കാട്ടായിക്കോണം ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (40) പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 5.30നു ചേങ്കോട്ടുകോണം ജംക്‌ഷനിലാണു സംഭവം.

കാട്ടായിക്കോണം പേരൂത്തല ശ്രീജേഷ് ഹൗസിൽ എസ്.അശ്വതിയും ഭർത്താവ് ശ്രീജേഷും ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിക്കു മുന്നിലുള്ള മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് അശ്വതിയുടെ 3 പവൻ മാല സ്കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തത്. മാല പല കഷണങ്ങളായി പൊട്ടിപ്പോയി.

ഒരു കഷണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അശ്വതി മോഷ്ടാവിന്റെ ഷർട്ടിലും സ്കൂട്ടറിലുമായി പിടിച്ചുവലിച്ചു. ഇതിനിടെ മാല പ്രതി വായിലാക്കി. അശ്വതിയെ വലിച്ചിഴച്ച് സ്കൂട്ടർ മുന്നോട്ടുപോയെങ്കിലും പിടിവിട്ടില്ല. തുടർന്നു നിയന്ത്രണം തെറ്റി സ്കൂട്ടറിൽനിന്നു പ്രതി വീണു. ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടിച്ചുവച്ചതിനാൽ മാല വിഴുങ്ങാനായില്ല.

വീഴ്ചയിൽ അനിൽകുമാറിന്റെ തലയ്ക്കും അശ്വതിയുടെ കഴുത്തിനും തോളിനും കാലിനും പരുക്കേറ്റു. വഞ്ചിയൂരിൽ നിന്നു മോഷ്ടിച്ച സ്കൂട്ടറുമായാണ് ഇയാളെത്തിയത്. കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. ടെക്നോപാർക്കിലെ ജീവനക്കാരിയാണ് അശ്വതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe