തിരുവനന്തപുരം: വന്ദേ ഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ. വന്ദേഭാരത് യാത്രാസമയക്രമവും വേഗവും പാലിക്കുന്നുണ്ടെന്നാണ് ദക്ഷിണ റെയിൽവേയുടെ വിശദീകരണം. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയൽ റണ്ണിലെ സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും വേണാട്, പാലരുവി സമയമാറ്റങ്ങൾക്ക് ഉണ്ടായ മാറ്റം വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ദക്ഷിണ റെയിൽവേ വിശദീകരിച്ചു.
കേരളത്തിലെ യാത്ര ആരംഭിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോള്‍ പല ദിവസങ്ങളിലും ട്രയല്‍ റണ്ണിലെ സമയക്രമം പാലിക്കാന്‍ വന്ദേഭാരത് എക്സ്പ്രസിന് ആയിട്ടില്ല എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മറ്റ് ട്രെയിനുകളുടെ സമയം ക്രമീകരിച്ചാണ് വന്ദേ ഭാരതിന്‍റെ യാത്ര. ആദ്യ അടികിട്ടിയത് വേണാട് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക്. പുലര്‍ച്ചെ അഞ്ച് പതിനഞ്ചിന് തിരുവനന്തപുരത്ത് നിന്ന് എടുത്തിരുന്ന ട്രെയിന്‍ വന്ദേഭാരതിന് അഞ്ചുമിനിറ്റ് പിന്നിലാണിപ്പോള്‍ യാത്ര തുടങ്ങുന്നത്. ഫലത്തില്‍ വേഗം നിയന്ത്രിച്ച് പിന്നാലെ ഓടുന്നതിനാല്‍ ഓഫീസ് സമയത്ത് എത്തിയിരുന്ന ട്രെയിൻ എറണാകുളത്ത് നേരംതെറ്റി.
കൊല്ലത്ത് നിന്ന് പുലര്‍ച്ചെ യാത്ര തുടരുന്ന പാലരുവി എക്സ്പ്രസും 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്. വന്ദേ ഭാരതിന്‍റെ തിരിച്ചുള്ള യാത്രയിലും പാലരുവിക്ക് പിടിവീഴും. കണ്ണൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചറും എറണാകുളം ഇന്‍റര്‍സിറ്റിയും ഏറെ നേരമാണ് നിര്‍ത്തിയിടുന്നത്. ഏറനാട് എക്സ്പ്രസിനും വന്ദേഭാരതിന് വഴിയൊരുക്കി നേരം കളയണം. ദില്ലി-തിരുവന്തപുരം കേരള എക്സ്പ്രസ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ നിര്‍ത്തിയിട്ടത് 50 മിനിറ്റോളമാണ്. എന്നിട്ടും ട്രയൽ റണ്ണില്‍ കുറിച്ച നേരത്ത് തന്നെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ പലദിവസങ്ങളിലും വന്ദേഭാരതിന് കഴിഞ്ഞിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം. എന്നാല്‍ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ.