മലപ്പുറം ജില്ലാ ആശുപത്രിയുടെ അണ്ടർ ഗ്രൗണ്ട് ഫ്ലോറിലേക്ക് വീണ് ഹെഡ് നഴ്സിന് ഗുരുതര പരുക്ക്

news image
Jan 23, 2024, 3:38 pm GMT+0000 payyolionline.in

തിരൂർ: മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സിന് കെട്ടിടത്തിൽനിന്നു താഴെ വീണ് ഗുരുതരപരുക്കേറ്റു. ചാലക്കുടി സ്വദേശി ടി.ജെ.മിനിയാണ് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിൽ നിന്ന് അണ്ടർ ഗ്രൗണ്ട് ഫ്ലോറിലേക്കു വീണത്. ഓങ്കോളജി ചികിത്സയ്ക്കായി നിർമിച്ച പുതിയ കെട്ടിടമാണിത്.

ആശുപത്രിയിലെ കാൻസർ ചികിത്സ വാർഡ് പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി നഴ്സിങ് സൂപ്രണ്ടിനും മറ്റൊരു നഴ്സിനുമൊപ്പം പരിശോധനയ്ക്കെത്തിയതായിരുന്നു. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതിൽ തുറന്ന് നിലമുണ്ടെന്നു കരുതി കാലെടുത്തു വച്ചതാണ്. എന്നാൽ വാതിലിനപ്പുറം അണ്ടർ ഗ്രൗണ്ട് ഫ്ലോറായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ മിനി 8 മീറ്ററോളം താഴേക്കു വീഴുകയായിരുന്നു. പണി നടക്കുന്നതിന്റെ ഭാഗമായി ഇവിടെ മരം കൊണ്ടുള്ള പട്ടികകൾ കിടക്കുന്നുണ്ടായിരുന്നു.

വീണതോടെ ജീവനക്കാർ മിനിയെ എടുത്ത് ജില്ലാ ആശുപത്രി കാഷ്വൽറ്റിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകി. ഗുരുതരമായ പരുക്കേറ്റതിനാൽ കൂടുതൽ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയോട്ടിക്കും വയറിനും കാര്യമായ പരുക്കേറ്റിട്ടുണ്ട്. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുള്ളതും തുടർച്ചികിത്സയ്ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. മിനി തിരൂരിൽ ഹെ‍ഡ് നഴ്സായി എത്തിയിട്ട് 2 വർഷമായി. നിലവിൽ സ്ഥലംമാറ്റപ്പട്ടികയിൽ പേരുള്ളതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe