മലപ്പുറത്ത് മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതം, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

news image
Mar 7, 2025, 5:00 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആണ് മരിച്ചത്. മർദനത്തിൽ  പരിക്കേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് അബ്ദുള്‍ ലത്തീഫിന്‍റെ മരണകാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്.

മര്‍ദനമേറ്റ് ടെൻഷൻ കൂടിയത് ഹൃദയാഘാതത്തിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.  പ്രതികള്‍ക്കെതിരെ നരഹത്യാവകുപ്പ് പ്രകാരം പൊലീസ് കേസെടുക്കും. രാവിലെ 10 മണിയോടെ മലപ്പുറം വടക്കേമണ്ണയിൽ വെച്ചാണ് അബ്ദുൽ ലത്തീഫിന് മർദനമേറ്റത്. തിരൂർ മഞ്ചേരി റൂട്ടിൽ ഓടുന്ന പിടിബി ബസിലെ ജീവനക്കാരാണ് അബ്ദുള്‍ ലത്തീഫിനെ ക്രൂരമർദനത്തിന് ഇരയാക്കിയത്. സ്ഥലത്തെ ബസ് സ്റ്റോപ്പിൽ നിന്ന് രണ്ട് യാത്രക്കാരികളെ ഓട്ടോറിക്ഷയിൽ കയറ്റിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.ഓട്ടോറിക്ഷക്ക് കുറുകെ ബസ് ഇട്ടശേഷം ജീവനക്കാർ ഇറങ്ങിവന്ന് ലത്തീഫിനെ മർദിക്കുകയായിരുന്നു. ബസ് ജീവനക്കാരായ സിജു, നിഷാദ്, സുജീഷ് എന്നിവർ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. അബ്ദുൽ ലത്തീഫിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്വകാര്യ ബസുകൾ തടയുകയും പ്രകടനം നടത്തുകയും ചെയ്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe