മലപ്പുറം ∙ കേരളത്തിൽ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂർ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. ചില്ലിനു കാര്യമായി കേടുപാടുണ്ടായി എന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. ഷൊർണൂർ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ കാര്യമായ കേടുപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കാർക്കും പരുക്കില്ല.
ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാൽ യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നും തിരൂരിൽനിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്പെഷൽ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ (തിരൂർ സ്റ്റേഷൻ) സ്റ്റോപ് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഉദ്ഘാടന ഓട്ടത്തിൽ ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. വന്ദേഭാരത് ഓടുമെന്ന അറിയിപ്പ് വന്ന സമയത്തു തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ട്രയൽ റണ്ണിൽ നിർത്തുകയും ചെയ്തു. ഇതിനു ശേഷം സ്റ്റോപ് ഒഴിവാക്കിയതു സമരങ്ങൾക്കും പ്രതിഷേധത്തിനും കാരണമായി.