ദൃശ്യവിസ്മയമൊരുക്കി കെ.ഡി.എന്‍.എ മലബാര്‍ മഹോത്സവത്തിന് കൊടിയിറങ്ങി

news image
Nov 28, 2013, 3:46 pm IST payyolionline.in

കുവൈറ്റ്: മലബാറിന്റെ ദൃശ്യ വിസ്മയമൊരുക്കി കുവൈത്തിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) സംഘടിപ്പിച്ച മലബാര്‍ മഹോത്സവം കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചയായി. കോഴിക്കോടിന്റെ ഹൃദയമായ ”മാനാഞ്ചിറ സ്‌ക്വയറിന്റെ” പേരില്‍ തയ്യാറാക്കിയ അബ്ബാസിയ സെന്റ്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം അക്ഷരാര്‍ഥത്തില്‍ മലബാറിന്റെ ദൃശ്യ ചാരുതയൊരുക്കി. ജനബാഹുല്യം കൊണ്ടും പരിപാടികളുടെ വൈവിധ്യങ്ങള്‍കൊണ്ടും ശ്രദ്ധേയമായ മലബാര്‍ മഹോല്‍സവം ആസ്വാദകര്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് പകര്‍ന്ന് നല്‍കിയത്.
രാവിലെ പ്രശസ്ത സംവിധായകനും നടനുമായ ജോയ് മാത്യൂ വേദി തുറന്നു കൊടുത്തു. കുവൈത്തിലെത്തിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വേദിയില്‍ സാന്നിധ്യമായി.  കളത്തില്‍ അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന മൈലാഞ്ചിയിടല്‍ മത്സരത്തില്‍ വാശിയേറിയ മത്സരമാണ് നടന്നത്. വേദിയുടെ ഒരു ഭാഗത്ത് കൈകളില്‍ മൊഞ്ചുള്ള രൂപങ്ങള്‍ വിരിയിച്ചപ്പോള്‍ മറു ഭാഗത്ത് കോഴിക്കോടിന്റെ രുചി ഭേദങ്ങളോടെ ബിരിയാണി പാചക മല്‍സരമായിരുന്നു. വ്യത്യസ്തങ്ങളായ ബിരിയാണി തയ്യറാക്കിയ വീട്ടമ്മമാര്‍ രുചിക്കൂട്ടിന്റെ പുതിയ വിസ്മയങ്ങള്‍ തീര്‍ത്തു. മലബാറിന്റെ നൂറ്റാണ്ടൂകളുടെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനവും ഏറെ ആകര്‍ഷിക്കപ്പെട്ടു.
വൈകിട്ട് നടന്ന ഘോഷയാത്ര കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്നതായി. വാദ്യ ഘോഷങ്ങളുമായി വിവിധ കലാ രൂപങ്ങള്‍ ഒന്നിച്ചണിനിരന്നത് പ്രവാസികളുടെ ഗൃഹാതുര സ്മരണകളുയര്‍ത്തി. തുടര്‍ന്ന് കെ.ഡി.എന്‍.ഏ പ്രസിഡന്റ് എം.എം.സുബൈറിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ബല്‍റാം ഉപാധ്യായ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ സ്‌നേഹവും വാല്‍സല്യവും മറ്റു നാടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും സ്‌നേഹത്തിന്റെ ഭാഷയാണ് കോഴിക്കോടിനെന്നും കോഴിക്കോട് മുന്‍ പൊലീസ് കമ്മീഷണര്‍ കൂടിയായ ഉപാധ്യായ പറഞ്ഞു.

പ്രശസ്ത സംവിധായകനും നടനുമായ ജോയ് മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോടുകാരനായത് കൊണ്ടാണ് തനിക്ക് ഷട്ടര്‍ പോലുള്ള ഒരു സിനിമ ചെയ്യാന്‍ സാധിച്ചതെന്ന് ജോയ് മത്യൂ പറഞ്ഞു. ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി വിജയന്‍ കാരയില്‍, സോണി സെബാസ്റ്റ്യന്‍, കൃഷ്ണന്‍ കടലുണ്ടി, ബഷീര്‍ ബാത്ത, ഷംസുദ്ദീന്‍, എന്നിവര്‍ സംസാരിച്ചു. ജോയ് മാത്യൂവിന് കെ.ഡി.എന്‍.എ യുടെ ഉപഹാരം എം.എം.സുബൈര്‍ സമ്മാനിച്ചു. മലബാര്‍ മഹോത്‌സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സൊവനീര്‍ അമാലിയ പെര്‍ഫ്യുംസിന്റെ സോണി സെബാസ്റ്റ്യന്‍ ഐ ബ്ലാക്ക് കണ്‍ട്രി ഹെഡ് ആബിദിന് നല്കി പ്രകാശനം ചെയ്തു.  ഹെന്ന മത്സരത്തില്‍ വിജയികളായ . ഫത്തിമ നൌഫല്‍, തസ്‌നീം, ഖദീജ എന്നിവര്‍ക്ക് മലബാര്‍ ഗോള്‍ഡ് കണ്‍ട്രി ഹെഡ് അഫ്‌സല്‍ ഖാനും പാചക മത്സരത്തില്‍ ആദ്യത്തെ മൂന്നു സ്ഥനങ്ങള്‍ കരസ്ഥമാക്കിയ ഷോബിത, നൂറുല്‍ ഫാത്തിമ, മുബീന സഖാഫ്  എന്നിവര്‍ക്ക് മൈ മാന്നജര്‍ ഗ്രൂപ് മേനേജിംഗ് ഡയരക്റ്റര്‍ മുനവര്‍ മുഹമ്മദും സമ്മനങ്ങള്‍ വിതരണം ചെയ്തു. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ റിത്വിക് കേശവ് പ്രേം കുമാര്‍ , സനാ സുബൈര്‍  എന്നിവരെ മൊമെന്റോ നല്കി ആദരിച്ചു. കെ.ഡി.എന്‍.ഏ ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍ സ്വാഗതവും ട്രഷറര്‍ സത്യന്‍ വരൂണ്ട നന്ദിയും പറഞ്ഞു.  കുവൈത്തിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
തുടര്‍ന്ന് കെ.ഡി.എന്‍.എ യുടെ കുടുംബാംഗങ്ങളും, കുവൈത്തിലെ വിവിധ നൃത്ത സംഘങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. കാലിക്കറ്റ് വീ ഫോര്‍ യു അവതരിപ്പിച്ച കോമഡി സ്‌കിറ്റുകളും ദില്‍ന ഹസന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗാനമേളയും വ്യത്യസ്തമായ കലാവിരുന്നൊരുക്കി. പ്രശസ്ത ചിത്രകാരന്‍ ശശി കൃഷ്ണന്‍ വേദിയിലെ കേന്‍വാസില്‍ നിമിഷ നേരം കൊണ്ട് വരച്ച ചിത്രം കാണികള്‍ക്ക് നവ്യാനുഭവമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe