പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രത്തിൽ മൂന്നുപേരെ പൂട്ടിയിട്ട സംഭവത്തിൽ പ്രതികളായിരുന്ന രണ്ട് പേർ കീഴടങ്ങി. പ്രതികളായ ശോഭന, ഉണ്ണികൃഷ്ണൻ എന്നിവരാണ് കീഴടങ്ങിയത്. രണ്ട് ദിവസം ആയി പ്രതികൾ ഒളിവിൽ ആയിരുന്നു. മലയാലപ്പുഴ സ്റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഒളിവിൽ പോയ പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ടയിലെ മന്ത്രവാദ കേന്ദ്രത്തിൽ മൂന്നു പേരെ പൂട്ടിയിട്ടത്. അവരെ ഉപദ്രവിച്ചിരുന്നെന്നും വളരെയധികം പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്ന് പരാതിയിൽ പറയുന്നു. നിലവില സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാണ് സാധ്യത.
മൂന്നുപേരെയാണ് പ്രതികള്‍ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്. മൂന്ന് പേരിൽ 7 വയസുള്ള കുട്ടിയും ഉൾപ്പെട്ടിരുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകളും നടന്നു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം. മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്പത്തിക ഇടപാട്.
ഇലന്തൂർ നരബലി പുറത്ത് വന്ന സമയത്താണ് ശോഭനക്കെതിരെയും നടപടി വന്നത്. ശോഭനയെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേന്ദ്രത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു. നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്. ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരിൽ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിൻ്റേയും നെഞ്ചിൽ ചവിട്ടുന്നതിൻ്റേയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു സ്ത്രീയുടെ മുടിക്ക് ശോഭന കുത്തിപ്പിടിച്ച് ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങൾ. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ടായിരുന്നു. പ്രാദേശികവും അല്ലാതെയും ഇവിടേക്ക് കുട്ടികളെ കൊണ്ടുവന്നിരുന്നു. പ്രചരിക്കുന്ന പഴയ ദൃശ്യങ്ങളിൽ മന്ത്രവാദ പൂജ നടത്തുന്നതിനിടെ ഒരു കുട്ടി തളർന്നു വീഴുന്നതും കാണാം. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.