ദില്ലി: മുതിർന്ന മലയാളി അഭിഭാഷകൻ അടക്കം നാല് പേരെ സുപ്രിം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള നടപടി അവസാനിപ്പിച്ച് കൊളീജീയം. സെപ്തംബർ 30 ന് യോഗം ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. കത്തിലൂടെ ജഡ്ജിമാരെ നിയമിക്കാനുള്ള ചീഫ് ജസ്റ്റിസിൻ്റെ ആവശ്യം ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, അബ്ദുൾ നസീർ എന്നിവർ എതിർത്തെന്നും കൊളീജീയം പ്രസ്താവനയിൽ പറഞ്ഞു. പുതിയ ചീഫ് ജസ്റ്റിസിന് ശുപാർശ ചെയ്യാൻ കേന്ദ്രം കത്ത് നൽകിയ സാഹചര്യത്തിലാണ് നടപടി കൊളീജീയം നടപടികൾ അവസാനിപ്പിച്ചത്. മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ , പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനായിരുന്നു ശുപാർശ.
പിൻഗാമിയുടെ പേര് നിർദേശിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിനോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസം ലളിതിന്റെ കാലാവധി അവസാനിരിക്കെയാണ് കത്ത്. ഇതിനെ തുടർന്ന് മുതിർന്ന മലയാളിയായ സുപ്രീം കോടതി അഭിഭാഷകൻ അടക്കം നാല് പേരെ ജഡ്ജിമാരായി ഉയർത്താനുള്ള സാധ്യതയും ഉയര്‍ന്ന് കേട്ടിരുന്നു. ഇതിനിടയിലാണ് പിൻഗാമിയുടെ പേര് നിർദേശിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രസർക്കാർ അമ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കാനുള്ള നടപടികളിലേക്കാണ് കടന്നിരിക്കുയാണ്. ലളിത് വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് നിയമന്ത്രാലയം കത്ത് നല്‍കിയത്. സാധാരണ സുപ്രീം കോടതി ജഡ്ജിമാർ വിരമിക്കുന്നതിന് ഒരു മാസം മുൻപ് അടുത്തതായി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയുടെ പേര് നിർദ്ദേശിക്കണമെന്നാണ് കീഴ്വഴക്കം. ഇതിന് മുന്നോടിയായിട്ടാണ് കേന്ദ്രം കത്ത് നൽകിയത്. അടുത്ത മാസം ഏട്ടിനാണ് യു യു ലളിത് ചിഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.
ഇതോടെ ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജിമാരിൽ സീനീയറായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനാകും അടുത്ത ഊഴം. കേവലം എൺപത് ദിവസത്തിൽ താഴെ മാത്രമാണ് ലളിത് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നത്. സുപ്രധാനകേസുകൾ അടക്കം പരിശോധിക്കുന്ന ഭരണഘടന ബെഞ്ചുകളിൽ ഒന്നിന് നേതൃത്യം നൽകുന്ന യു യു ലളിതിന് കേന്ദ്രം കാലാവധി നീട്ടി നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഇനി അതിനുള്ള സാധ്യതയില്ലെന്നത് ഉറപ്പായി.