ലഖ്നൗ: മലയാളി യുവതിയെ ദുബൈയിൽ വച്ച് ബലാത്സംഗം ചെയ്തശേഷം നാട്ടിലേക്ക് മുങ്ങിയ യുപി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. 29 കാരനായ നദീംഖാനെയാണ് കേരള പൊലീസ് യുപിയിലെത്തി അറസ്റ്റ് ചെയ്തത്. യുപി പൊലീസിന്‍റെ സഹകരണത്തോടെയായിരുന്നു നടപടി. ഇസത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരതപൂർ ജീവൻ സഹായ് ഗ്രാമത്തിലെ താമസക്കാരനാണ് പ്രതിയായ നദീം ഖാൻ.
ഞായറാഴ്ചയാണ് നദീം ഖാനെ കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ബറേലി പൊലീസ് സർക്കിൾ ഓഫീസർ ആശിഷ് പ്രതാപ് സിംഗ് പറഞ്ഞു. കേരളത്തിലെ ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാതിയാണ് ഇരിക്കൂർ പൊലീസിൽ പീഡന പരാതി നൽകിയത്. യുവതി കണ്ടക്ടറായി ജോലി ചെയ്തുവന്നിരുന്ന ബസിലെ ഡ്രൈവറായിരുന്നു നദീം ഖാൻ. ഇരുവരും തമ്മില്‍ അടുപ്പത്തിലായി. പിന്നീട് യുവാവ് വിവാഹ വാഗ്ദാനം ചെയ്ത് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി ഖാൻ പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇയാള്‍ അതിൽ നിന്ന് ഒഴിഞ്ഞുമാറി. വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു, ഇതോടെ നദീം ഖാൻ പെട്ടെന്ന് ദുബായിൽ നിന്നും നാട്ടിലേക്ക് മുങ്ങി. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്ന് യുവതി പറയുന്നു. ഇതോടെ തുടർന്ന് യുവതിയും കേരളത്തിൽ തിരിച്ചെത്തി പ്രതിക്കെതിരെ പീഡന പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് ഇരിക്കൂർ ഇൻസ്‌പെക്ടർ സത്യനാഥ് കെവിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് യുപിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.