മഹാരാജാസ് കോളജ് ബുധനാഴ്ച തുറക്കും; വിദ്യാർഥികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം, നിയന്ത്രണങ്ങൾ കർശനമാക്കി

news image
Jan 23, 2024, 9:14 am GMT+0000 payyolionline.in

കൊച്ചി∙ വിദ്യാർഥി സംഘർഷത്തെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളജ് ബുധനാഴ്ച തുറക്കും. രണ്ടു ദിവസമായി തുടർന്നു വരുന്ന വിവിധ സംഘടനകളുടെ യോഗത്തിനൊടുവിലാണ് തീരുമാനം. തിരിച്ചറിയൽ കാർഡ് ഇല്ലാതെ വിദ്യാർഥികളെ കോളജിൽ‍ പ്രവേശിപ്പിക്കില്ല. വൈകിട്ട് ആറു മണിക്കുശേഷം ആരെയും  ക്യാംപസിൽ തങ്ങാൻ അനുവദിക്കുകയുമില്ല.

കോളജിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ച് എത്രയും വേഗം തുറക്കണമെന്ന് തിങ്കളാഴ്ച ചേർന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. പിന്നാലെയാണ്  പിടിഎ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, അധ്യാപക യോഗം ചേർന്നത്. കോളജ് തുറക്കുക എന്നതായിരുന്നു യോഗത്തിലെ പ്രധാന അജൻഡ  എന്ന് പ്രിൻസിപ്പലിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന ഇസ്‍ലാമിക് ഹിസ്റ്ററി വകുപ്പു മേധാവി ഡോ. ഷജീലാ ബീവി വ്യക്തമാക്കി.

‘‘അധ്യാപകരും വിദ്യാർഥികളുമായി സംസാരിച്ചതിൽ‍നിന്ന് സമാധാനപരമായി മുന്നോട്ടു പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. കോളജ് ഉടൻ തുറന്നു പ്രവർത്തിക്കുക എന്നതാണു പ്രധാനം. മാർച്ചിൽ ആറാം സെമസ്റ്റർ പരീക്ഷ ഉള്ളതിനാൽ ക്ലാസുകളും പ്രാക്ടിക്കലും നടക്കാനുണ്ട്. ആറു മണിക്ക് തന്നെ കോളജിന്റെ ഗേറ്റുകൾ അടയ്ക്കും. കോളജിലെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കും.

തിരിച്ചറിയൽ കാർഡ് കൈവശമില്ലാത്ത വിദ്യാർഥികൾക്ക് അവ നൽകും. കോളജിലെ അച്ചടക്ക സമിതി കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കും. അതോടൊപ്പം രക്ഷാകർത്താക്കളുടെ ഇടപെടൽ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോളജിൽ കുറച്ചു ദിവസത്തേക്ക് പൊലീസിന്റെ സാന്നിധ്യം തുടരും’’– ഡോ. ഷജീലാ ബീവി പറഞ്ഞു. പ്ര‍ിൻസിപ്പലായിരുന്ന ഡോ. വി.എസ്.ജോയിയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിൽ സംഘർഷം ആരംഭിച്ചത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൾ നാസറിനാണ് കോളജിൽ  വെട്ടേറ്റത്. ഇതിനു പിന്നിൽ കെഎസ്‍യു–ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. എസ്എഫ്ഐക്കാർ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‍യുവും രംഗത്തെത്തി.

ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചതോടെയാണ് അനിശ്ചിത സമയത്തേക്ക് കോളജ് അടച്ചിടാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോളജ് പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നൽകി.

മഹാരാജാസിൽ സമാധാനം പുനഃസ്ഥാപിച്ച് എത്രയും വേഗം കോളജ് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാരാജാസിലെ പ്രശ്നം കൃത്യമായി പരിഹരിക്കുന്നതിന് ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജ്യൂക്കേഷനെ ചുമതലപ്പെടുത്തി. മഹാരാജാസുമായി ബന്ധപ്പെട്ട് താൻ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe