മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു

news image
Apr 26, 2023, 10:18 am GMT+0000 payyolionline.in

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. മാങ്ങാ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.

കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.

മാങ്ങമോഷണ കേസ് പൊലീസ് സേനയ്ക്ക് തന്നെ അപമാനമായതോടെ കേസ് ഒത്ത് തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇതിന് പിന്നാലെ കടയുടമ പൊലീസുകാരനെതിരെയുള്ള പരാതി പിന്‍വലിച്ചു. മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചതോടെ ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ സൽപേരിന് കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe