മാധ്യമങ്ങൾ ഔചിത്യമില്ലാത്ത ചോദ്യം ചോദിക്കരുത്,കുട്ടിയെ കണ്ടെത്താൻ ശ്രമിച്ച പൊലീസിന് അഭിനന്ദനം: മുഖ്യമന്ത്രി

news image
Nov 29, 2023, 7:45 am GMT+0000 payyolionline.in

മലപ്പുറം: രാജ്യത്തിനാകെ സന്തോഷം നൽകിയ ദിനമാണ് ഇന്നലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറത്തെ നവകേരള സദസ്സിന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലാളികളെ തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സംഭവമാണ് ഒന്ന്. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തിയതാണ് മറ്റൊരു സന്തോഷം. കുട്ടിയെ കണ്ടെത്താൻ പരിശ്രമിച്ച പൊലീസിനും നാട്ടുകാർക്കും അഭിനന്ദനം അറിയിക്കുകയാണ്. കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനം. മാധ്യമങ്ങളും മികച്ച പങ്ക് വഹിച്ചു. അതേ സമയം അന്വേഷണ വിവരം അപ്പപ്പോൾ കുറ്റവാളികൾക്ക് എത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഔചിത്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് നടത്തിയത്. കുറ്റവാളികളെ ഉടൻ പിടികൂടും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഒരു കുറ്റകൃത്യവും വെച്ചു പൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറത്തെ ഒരു സ്റ്റാർട്ടപ്പ് കമ്പനി മികച്ച പ്രകടനം നടത്തി. അവരെയും മലപ്പുറത്തെയും വിമർശകർക്ക് പോലും  പ്രശംസിക്കേണ്ടി വന്നു.കേരളത്തിനാകെ അഭിമാനമായ കാര്യമാണിത്. കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തും. ഇതിനായി കൂടുതൽ സഹായം നൽകും. മലപ്പുറത്ത് രണ്ടു ദിവസത്തിനകം 31,601 നിവേദനങ്ങൾ ലഭിച്ചു. ഗവർണർ ബില്ലിൽ ഒപ്പിടാത്ത സംഭവത്തിലും പിണറായി വിജയന്‍ പ്രതികരിച്ചു.സുപ്രീം കോടതിയുടെ നിർദേശത്തെ ഗവർണർ അർഹിക്കുന്ന ഗൗരവത്തോടെയാണോ കാണുന്നത് എന്ന് സംശയമുണ്ട്. സുപ്രീം കോടതിയുടെ തീരുമാനത്തിന് മുമ്പ് കൂടുതൽ പ്രതികരിക്കുന്നില്ല.

നിലമ്പൂർ റോഡ് നിർമ്മാണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെ നിശ്ചയിച്ചത് ആരാണെന്നും ഏതു പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ അറിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി എം പി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത പി വി അന്‍വര്‍ എം എല്‍ എയുടെ നടപടി വിവാദത്തിലായിരുന്നു. ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് പിവി അന്‍വര്‍ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ  പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എം എല്‍ എ നിര്‍വഹിച്ചത്. വിഷയത്തില്‍ പിവി അന്‍വറിനെ പിന്തുണച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe