മാമുക്കോയയുടെ ആരോഗ്യനിലയിൽ പുരോഗതി; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

news image
Apr 25, 2023, 4:49 am GMT+0000 payyolionline.in

മലപ്പുറം: കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.ഇന്നലെ രാത്രി വണ്ടൂരിലെ ആശുപത്രിയിൽ വെച്ച് ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് മാമുക്കോയയെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ അജ്മൽ നാസിർ പറഞ്ഞു.

ബന്ധുക്കൾ ഇന്നലെ രാത്രി തന്നെ വണ്ടൂരിൽ എത്തിയിരുന്നു. കളികാവ് പൂങ്ങോട് ഒരു ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ട്രോമ കെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോൾ തന്നെ നിർണ്ണായക പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞെന്ന് ഫുട്ബോൾ ടൂർണമെന്റ് സംഘടക സമിതി. 10 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാൻ സാധിച്ചെന്നും സംഘാടക സമിതി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe