മീറോഡ് മലയിലെ ചെങ്കല്‍ഖനനം പൂര്‍ണമായി നിര്‍ത്തണം: സാംസ്കാരികപ്രവർത്തകർ

news image
Jan 13, 2021, 8:57 am IST

മേപ്പയ്യൂ : മീറോഡ് മലയിലെ ചെങ്കൽഖനനം പൂര്‍ണമായി നിര്‍ത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പിന്തുണയുമായി സാംസ്കാരികപ്രവർത്തകർ. ഖനനം മൂലമുള്ള പാരിസ്ഥിതികാഘാതത്തെക്കുറിച്ച് അധികൃതര്‍  പഠിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും സാംസ്കാരികപ്രവർത്തകർ.
ഔഷധസസ്യങ്ങൾ, അപൂർവയിനം ചിത്രശലഭങ്ങൾ, പക്ഷിമൃഗാദികൾ തുടങ്ങിയവയാൽ സമൃദ്ധമായ മീറോഡ്‌ മല ജൈവവൈവിധ്യത്തിന്റെ കലവറയാണെന്ന് സാംസ്കാരികപ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

 

ഒരിക്കലും വറ്റാത്ത നീരുറവകളുണ്ടായിരുന്ന ചമ്പഭാഗത്തെ ചോലയിൽപ്രദേശം വരണ്ടുണങ്ങുന്ന സ്ഥിതിയാണ്. കണിയാണ്ടികൊല്ലി ഭാഗവും മഴകഴിയുന്നതോടെ വരണ്ടുണങ്ങുന്നു. ഈ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം ഓരോ വർഷം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഭാവിതലമുറയുടെ നിലനിൽപ്പിനായി മീറോഡ്‌ മല സംരക്ഷിക്കേണ്ടത് ജീവിവർഗങ്ങളുടെ മുഴുവൻ ആവശ്യമാണ്. മീറോഡ്‌ മലയിൽ നടക്കുന്ന എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഉടൻ നിർത്തിവെക്കാനാവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് സാംസ്കാരിക പ്രവർത്തകർ അഭ്യർഥിച്ചു.

കൽപ്പറ്റ നാരായണൻ, ടി.പി. രാജീവൻ, പ്രൊഫ. വീരാൻകുട്ടി, കെ. അജിത,ഡോ. ഖദീജ മുംതാസ്, സിനിമാസംവിധായകൻ മനോജ് കാന, നടൻ പ്രകാശ് ബാരെ, നടി ജോളി ചിറയത്ത്, ശിവദാസ് പുറമേരി, രമേശ് കാവിൽ, സോമൻ കടലൂർ, സി.ആർ. നീലകണ്ഠൻ, പ്രൊഫ. കുസുമം ജോസഫ്, പി.ജെ. ബേബി, കെ. സഹദേവൻ, പ്രൊഫ. വി. വിജയകുമാർ, സിവിക് ചന്ദ്രൻ, ഡോ. കെ.എൻ. അജോയ് കുമാർ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe